പരമ്പരാഗത ഊർജത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യം
text_fieldsഈജിപ്തിൽ നടക്കുന്ന ‘കോപ് 27’ കാലാവസ്ഥ സമ്മേളനത്തിലെ നേതൃതല ഉച്ചകോടിയിൽ സംസാരിക്കുന്ന പാകിസ്താൻ
പ്രധാനമന്ത്രി ഷെഹ്ബാസ് ശെരീഫ്
ശറമുശൈഖ് (ഈജിപ്ത്): 'കോപ് 27' ഉച്ചകോടിയുടെ വേദിയിൽനിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പൊടുന്നനെ ഇറങ്ങിപ്പോയത് അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. വേദി വിടുംമുമ്പ് അദ്ദേഹത്തിന്റെ സഹായിയെത്തി ചെവിയിൽ എന്തോ പറയുന്നതും തുടർന്നും വേദിയിൽതന്നെ ഇരുന്ന സുനകിനടുത്തേക്ക് മറ്റൊരു സഹായി എത്തിയശേഷം അദ്ദേഹം ഇറങ്ങിപ്പോയതുമാണ് ചർച്ചയായത്. ഇതുസംബന്ധിച്ച് 'ഡൗണിങ് സ്ട്രീറ്റ്' പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
അതിനിടെ, ആണവായുധത്തിനെതിരെ ഒന്നിച്ചതുപോലെ പരമ്പരാഗത ഊർജ ഉപയോഗം അവസാനിപ്പിക്കുന്നതിൽ ലോകം സംയുക്ത തീരുമാനം കൈക്കൊള്ളണമെന്ന് യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ അഭിപ്രായം ഉയർന്നു. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗം തടയുന്നതിലുള്ള കരാറിനുവേണ്ടി സംസാരിക്കുമെന്ന് ദ്വീപുരാജ്യമായ ടുവാലു പ്രധാനമന്ത്രി കൗസിയ നതാനോ പറഞ്ഞു. കഴിഞ്ഞ വർഷം 'ഗ്ലാസ്ഗോവ് ഉച്ചകോടി'യിൽ സമ്പൂർണ കൽക്കരിവിരുദ്ധ നിർദേശം ഒഴിവായത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടിനെ തുടർന്നാണ്. ഇതിൽ മലിനീകരണത്തിന്റെ പ്രധാന ഇരകളായ രാജ്യങ്ങൾക്ക് പ്രതിഷേധമുണ്ടായിരുന്നു. പരമ്പരാഗത ഊർജ മേഖലയിലെ വൻകിട കമ്പനികൾക്ക് ആഗോള നികുതി വേണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ ആവശ്യപ്പെട്ടു. 'അവർ കോടികൾ കൊയ്യുമ്പോൾ ഭൂമി കത്തുകയാണ്' എന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളായ രാജ്യങ്ങളുടെ ഐക്യമുണ്ടാകണമെന്ന് സിംബാബ്വെ ആവശ്യപ്പെട്ടു.ഊർജ ഉപയോഗ വിഷയത്തിൽ വികസിത രാജ്യങ്ങൾക്കുള്ള മാനദണ്ഡം തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ചൈന ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളിപ്പോഴും ദശലക്ഷക്കണക്കിന് പൗരന്മാരെ പട്ടിണിയിൽനിന്ന് കരകയറ്റുന്ന ദൗത്യത്തിലാണെന്ന് ചൈന പറയുന്നു. ഈ വാദത്തോട് വിയോജിച്ച് ജർമനി രംഗത്തെത്തി. ലോകത്ത് ഏറ്റവുമധികം മാലിന്യം പുറന്തള്ളുന്ന, ഏറ്റവും സമ്പത്തുള്ള രാജ്യമാണ് ചൈനയെന്ന് ജർമനി ആരോപിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്ക് പരമ്പരാഗത ഊർജരംഗത്തെ കമ്പനികൾ ധനസഹായം നൽകണമെന്ന അഭിപ്രായവും ഉച്ചകോടിയിൽ ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.