ചന്ദ്രനിലെ മണ്ണുമായി ചൈനീസ് പേടകം തിരിച്ചെത്തി
text_fieldsവടക്കൻ ചൈനയിലെ സിസിവാങ് ബാനറിൽ പതിച്ച ചാൻഗ് ഇ-5 കാപ്സ്യൂൾ അധികൃതർ വീണ്ടെടുക്കുന്നു (ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രം)
ബെയ്ജിങ്: നാൽപതു വർഷത്തിനുശേഷം ചന്ദ്രോപരിതലത്തിലെ മണ്ണും കല്ലും വിജയകരമായി ഭൂമിയിലെത്തിച്ച് ചൈനയുടെ ചാൻഗ് ഇ-5 ദൗത്യം. 2004ൽ ആരംഭിച്ച ചാന്ദ്രദൗത്യത്തിെൻറ വിജയകരമായ പര്യവസാനം കുറിച്ച് വ്യാഴാഴ്ച പുലർച്ചെ വടക്കൻ ചൈനയിലെ മംഗോളിയ സ്വയംഭരണ മേഖലയിലുള്ള സിസിവാങ് ബാനറിൽ, സാമ്പിളുമായെത്തിയ പേടകം ഇറങ്ങിയതായി ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി.എൻ.എസ്.എ) അറിയിച്ചു.
ഭൂമിക്കു പുറത്തുനിന്ന് പദാർഥങ്ങൾ എത്തിക്കുന്ന തങ്ങളുടെ പ്രഥമ പര്യവേക്ഷണ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസി സിൻഹുവ അറിയിച്ചു. നവംബർ 24നായിരുന്നു 'ചാൻഗ് ഇ-5' ചാന്ദ്ര ദൗത്യത്തിനായി പുറപ്പെട്ടത്. നേരത്തെ അമേരിക്കയും റഷ്യയും ചന്ദ്രോപരിതലത്തിലെ പദാർഥങ്ങൾ ഭൂമിയിൽ എത്തിച്ചിരുന്നു.
എട്ടു ടൺ ഭാരമുള്ള ചാൻഗ് ഇ-5 പേടകം നാലു ഘട്ടങ്ങളായി പ്രവർത്തിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. പേടകത്തിെൻറ ഒരു ഭാഗം ചന്ദ്രെൻറ അന്തരീക്ഷത്തിൽ തങ്ങി, മെറ്റാരു ഭാഗം ചന്ദ്രനിൽ ഇറങ്ങി പദാർഥങ്ങൾ ശേഖരിച്ചു. ഈ സാമ്പിളുകളുമായി മറ്റൊരു ഭാഗം അന്തരീക്ഷത്തിൽ കാത്തിരിക്കുന്ന പേടകത്തിൽ എത്തി. ഇവിെട വെച്ച് സാമ്പിളുകൾ മറ്റൊരു പേടകത്തിലേക്ക് മാറ്റി. ഈ പേടകമാണ് ഭൂമിയിലേക്ക് തിരിച്ചത്. അറ്റ്ലാൻറിക്കിന് 5000 കിലോമീറ്റർ മുകളിൽവെച്ച് ഈ പേടകത്തിൽ നിന്ന്, രണ്ടു കിലോയോളം വരുന്ന സാമ്പിളുകൾ നിറച്ച 'റിട്ടേൺ കാപ്സ്യൂൾ' വേർപെട്ട് ഭൂമിയിലേക്ക് പതിക്കുകയും ഭൗമോപരിതലത്തിന് 10 കിലോമീറ്റർ മുകളിൽ വെച്ച് പാരച്യൂട്ട് നിവർത്തി സുരക്ഷിതമായി ഭൂമി തൊടുകയും ചെയ്തു. നേരത്തെ നിശ്ചയിച്ച പ്രദേശത്തുതന്നെ പാരച്യൂട്ട് പതിച്ചുവെന്നും കാപ്സ്യൂൾ അധികൃതർ കണ്ടെടുത്തുവെന്നും റിപ്പോർട്ട് വിശദീകരിച്ചു. ഇത് ബെയ്ജിങ്ങിലെത്തിച്ച് സി.എൻ.എസ്.എക്ക് ഗവേഷണത്തിനായി കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.