അമിത അളവിൽ അണുനാശിനി; ശീതളപാനീയ ബോട്ടിലുകൾ പിൻവലിച്ച് കൊക്കകോള
text_fieldsബ്രസൽസ്: അമിത അളവിൽ അണുനാശിനി കണ്ടെത്തിയതിനെതുടർന്ന് യൂറോപ്യൻ വിപണിയിൽനിന്ന് ശീതളപാനീയ ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് കൊക്കകോള. ബെൽജിയത്തിലെ പ്ലാന്റിൽ തയാറാക്കിയ ബോട്ടിലുകളിലും കാനുകളിലുമാണ് അമിത അളവിൽ ക്ലോറേറ്റ് രാസപദാർഥം കണ്ടെത്തിയത്.
കൊക്കകോള, ഫാന്റ, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയാണ് വിപണിയിൽനിന്ന് പിൻവലിച്ചത്. ബെൽജിയം, ലക്സംബർഗ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്ത ഉൽപന്നങ്ങളിലാണ് രാസപദാർഥം കണ്ടെത്തിയത്.
അതേസമയം, ഫ്രാൻസിലും ജർമനിയിലും ബ്രിട്ടനിലും വിതരണം ചെയ്ത ഉൽപന്നങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ക്ലോറേറ്റ് രാസപദാർഥം അടങ്ങിയ ശീതളപാനീയം ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് യൂറോപ്യൻ യൂനിയന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് മുന്നറിയിപ്പ് നൽകി.
ഈ ശീതളപാനീയ ബോട്ടിലുകൾ വിപണിയിൽനിന്ന് നീക്കം ചെയ്യണമെന്ന് ഡെൻമാർക്ക്, പോർച്ചുഗൽ, റുമേനിയ തുടങ്ങിയ രാജ്യങ്ങളുടെ ആരോഗ്യവകുപ്പുകൾക്ക് അവർ നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യസംസ്കരണത്തിനുള്ള വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ക്ലോറിൻ അണുനാശിനികളിൽനിന്നാണ് ക്ലോറേറ്റ് രാസപദാർഥം ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.