ഇറ്റലിയും അടച്ചിടുന്നു; യൂറോപ്പിൽ ആഘോഷകാലം വീട്ടിൽ തന്നെ
text_fieldsമിലാൻ: യൂറോപ്പിെൻറ ക്രിസ്മസ്- പുതുവർഷ സന്തോഷങ്ങളെ തട്ടിമറിച്ചിട്ടിരിക്കുകയാണ് കോവിഡ്. ആദ്യഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിസമ്മതിച്ചവരുൾപ്പെടെ ഒട്ടനവധി യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- പുതുവർഷ വേളയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. കോവിഡ് ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന ഇറ്റലിയിൽ ദേശവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊഴികെ അടച്ചിടാനും ജോലി, ആരോഗ്യപ്രവർത്തനം തുടങ്ങിയ അടിയന്തര സേവനങ്ങൾക്കല്ലാതെയുള്ള യാത്രകൾ വിലക്കാനുമാണ് തീരുമാനം.
24 മുതൽ 27 വരെയും ഡിസംബർ 31 മുതൽ ജനുവരി ആറു വരെയുമാണ് റെഡ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 68,000 പേർ മരിച്ച ഇറ്റലിയിൽ ആഘോഷ സീസൺ സാധാരണ രീതിയിൽ നടന്നാൽ അസുഖബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകുമെന്ന ഭീതിയുണ്ട്. ജനുവരിയിൽ വാക്സിനേഷൻ ആരംഭിക്കുന്നതോടെ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചനം ലഭിക്കുമെന്നും പ്രധാനമന്ത്രി ജുസെപ്പെ കോൻറി പ്രത്യാശ പ്രകടിപ്പിച്ചു.
നെതർലൻഡ്സും ജർമനിയും ക്രിസ്മസിന് നേരിയ ഇളവു നൽകുമെങ്കിലും ജനുവരി മധ്യം വരെ ലോക്ഡൗൺ തുടരും. ഗ്രീസിൽ ജനുവരി ഏഴുവരെയാണ് നിയന്ത്രണം. പുറത്തിറങ്ങണമെങ്കിൽ മുൻകൂർ അനുമതി തേടണം.
ക്രിസ്മസ് പിറ്റേന്ന് മുതൽ ഓസ്ട്രിയ ലോക്ഡൗൺ ആരംഭിക്കും. മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്ന സ്വീഡനിൽ തിരക്കുള്ള സമയത്ത് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന സംഭവം. ഭക്ഷണശാലകളിൽ ആളുകളുെട എണ്ണം കുറക്കാനും രാത്രി എട്ടിനു ശേഷം മദ്യവിൽപന നിരോധിക്കാനും സ്വീഡൻ തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.