ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മരണം 52 ആയി; ആകെ കൊല്ലപ്പെട്ടവർ 53,977
text_fieldsഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയിലെത്തിച്ചപ്പോൾ വിലപിക്കുന്ന ബന്ധുക്കൾ
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 52 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ദൈർ അൽ ബലാഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ബോംബിട്ടാണ് 36 പേരെ കൊലപ്പെടുത്തിയത്. ഇതിൽ ഏഴ് കുട്ടികളും ഉൾപ്പെടും. ഞായറാഴ്ച രാത്രി ആളുകൾ ഉറങ്ങുമ്പോഴാണ് ബോംബിട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ സന്നദ്ധ പ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്.
ഇന്ധനമില്ലാത്തതിനാൽ ബുൾഡോസർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചുറ്റിക കൊണ്ട് കോൺക്രീറ്റ് അടിച്ചുപൊട്ടിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 53,977 ആയി. 1,22,966 പേർക്ക് പരിക്കേറ്റു. രണ്ടര മാസമായി ഇസ്രായേൽ ഭക്ഷണവും മരുന്നും ഇന്ധനവും മറ്റു അവശ്യവസ്തുക്കളും ഗസ്സയിലേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം മുതലാണ് നാമമാത്രമായി ഭക്ഷണം കടത്തിവിടാൻ തുടങ്ങിയത്. അതിനിടെ കൊടും ക്രൂരത തുടരുന്ന ഇസ്രായേലിനെ ലോകരാജ്യങ്ങൾ ഉപരോധിക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണം ന്യായീകരിക്കാൻ കഴിയില്ലെന്ന് ജർമൻ ചാൻസലർ ഫ്രെഡ്രിച്ച് മെർസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.