ജർമനിയിൽ പോളിയോ വൈറസ് സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തു; 2010 നുശേഷം യൂറോപ്പിൽ ആദ്യമെന്ന് ലോകാരോഗ്യസംഘടന
text_fieldsപോളിയോ വൈറസ്, പ്രതീകാത്മക ചിത്രം
ഹാംബർഗ്: വികസിത രാജ്യമായ ജർമനിയിൽ പോളിയോ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. 2010 നുശേഷം യൂറോപ്പിൽ ആദ്യമായി വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജർമനിയിലാണ്. വൈൽഡ് പോളിയോ എന്ന പോളിയോ വൈറസിന്റെ വകഭേദമാണ് ഹാംബർഗിലെ മലിനജലത്തിൽ കണ്ടെത്തിയത്.
കുട്ടികളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് പോളിയോ. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക. പനിയും ഛർദിയുമാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധ മരുന്നുകൊണ്ട് പോളിയോ തടയാം. 1988ൽ കൂട്ട വാക്സിനേഷൻ പ്രഖ്യാപിക്കപ്പെട്ട ശേഷം ലോകത്ത് 99 ശതമാനം പോളിയോ വൈറസുകളെയും നിർമാർജനം ചെയ്തിട്ടുണ്ട്.
ജർമ്മനിയുടെ പരിശോധന സംവിധാനം നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ് കണ്ടെത്തലെന്ന് വിദഗ്ധർ പറഞ്ഞു. മനുഷ്യരിൽ അണുബാധയെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ല. രാജ്യത്ത് വാക്സിനേഷൻ നിരക്ക് കൂടുതലായതിനാൽ അപകടസാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിൽ വൈൽഡ് പോളിയോ കണ്ടെത്തുന്നത് അപൂർവമാണ്. 2010 ന് ശേഷം യൂറോപ്പിൽ വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. വൈറസ് ഇവിടെ ഉണ്ടായിരുന്നില്ലെന്നല്ല, കണ്ടെത്തപ്പെട്ടിരുന്നില്ല എന്നാണ് വ്യക്തമാകുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, കണ്ടെത്തലിന് പിന്നാലെ പോളിയോ നിർമ്മാർജ്ജനത്തെ പിന്തുണക്കുന്നതിനുള്ള ആഗോള ഫണ്ടിലേക്കുള്ള സംഭാവന വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ നിന്ന് ജർമനി പിൻമാറിയതായി അധികൃതർ വ്യക്തമാക്കി.
2026ലെ ബജറ്റിന് അന്തിമരൂപം നൽകുന്നതിനുള്ള അവസാന നിമിഷ ചർച്ചകളിൽ, ആഗോള പോളിയോ നിർമ്മാർജ്ജന സംരംഭത്തിന് ജർമ്മനിയുടെ സംഭാവനയായി നാല് ദശലക്ഷം യൂറോ കൂടി അനുവദിക്കാൻ നിയമസഭാംഗങ്ങൾ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

