ഇറാൻ ആണവായുധമുണ്ടാക്കുന്നതിന് തെളിവില്ലെന്ന് ഐ.എ.ഇ.എ; ഇപ്പോഴല്ല ഇത് പറയേണ്ടത്, ഏറെ വൈകിപ്പോയെന്ന് ഇറാൻ, ‘കൊല്ലപ്പെട്ടവരുടെ ജീവന് ആര് മറുപടി പറയും?’
text_fieldsതെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) പക്ഷപാതം കാണിക്കുന്നതായി ഇറാൻ ആരോപിച്ചു. ഇറാൻ ആണവായുധം നിർമിക്കുന്നത് സംബന്ധിച്ച വിവരമൊന്നുമില്ലെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യാഴാഴ്ച പറഞ്ഞതിനാണ് ഇറാന്റെ മറുപടി. ഇസ്രായേലിന് അന്യായമായ ആക്രമണം നടത്താൻ കളമൊരുക്കിയതിനുശേഷം ഇപ്പോൾ ഇത് പറയുന്നതിൽ അർഥമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
‘‘ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കുന്ന, ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ട ഉത്തരവാദിത്തമുള്ള രാജ്യമാണ്. ഇതൊന്നും ബാധകമാകാതെ പ്രവർത്തിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടിയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി റിപ്പോർട്ട് തയാറാക്കുന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് ഐ.എ.ഇ.എ മേധാവി ഇപ്പോൾ പറയുന്നു. എന്നാൽ, ഏറെ വൈകിപ്പോയി. ഇറാനിൽ കൊല്ലപ്പെട്ട നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവന് ആര് മറുപടി പറയും.’’ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗാഇ പറഞ്ഞു.
ഇറാൻ ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്താരാഷ്‌ട്ര ആണവോർജ ഏജൻസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.
‘ആയത്തുല്ല അലി ഖാംനഈയെ വധിക്കും’
തെൽഅവീവ്: ആയത്തുല്ല അലി ഖാംനഈയെ വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ‘ഇസ്രായേലിനെ നശിപ്പിക്കണമെന്ന് ഖാംനഈ തുറന്ന് പ്രഖ്യാപിച്ചു. ആശുപത്രിയെ ആക്രമിക്കാൻ അദ്ദേഹം നേരിട്ട് ഉത്തരവിട്ടതാണ്. ഇത്തരമൊരാളെ അധികകാലം തുടരാൻ അനുവദിക്കാനാവില്ല. ഖാംനഈയെ വധിക്കുകയെന്നത് ഇസ്രായേലിന്റെ യുദ്ധലക്ഷ്യമാണ്. ആധുനിക ഹിറ്റ്ലറെയാണ് ഖാംനഈയിൽ കാണുന്നത്. ഈ മനുഷ്യൻ ഇനി നിലനിൽക്കരുതെന്ന് ഐ.ഡി.എഫിന് നിർദേശം നൽകിയിട്ടുണ്ട്’ -കാറ്റ്സ് പറഞ്ഞു.
‘ആക്രമിക്കപ്പെട്ട ആശുപത്രി ഗസ്സയിൽ പരിക്കേറ്റ സൈനികരെ ചികിത്സിച്ചിരുന്നത്’
തെഹ്റാൻ: ഇസ്രായേലിൽ ആക്രമിക്കപ്പെട്ട ആശുപത്രി ഗസ്സയിൽ പരിക്കേറ്റ സൈനികരെ ചികിത്സിച്ചിരുന്നതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ജി പറഞ്ഞു. ‘ഇസ്രായേലി സൈനിക കമാൻഡ്, കൺട്രോൾ സെന്ററിലും രഹസ്യാന്വേഷണ വകുപ്പ് ആസ്ഥാനത്തും ഇന്ന് ഇറാൻ സൈന്യം ശക്തമായ ആക്രമണം നടത്തി. സമീപത്തുള്ള സൊറോക സൈനിക ആശുപത്രിക്കും ചെറിയ കേടുപാട് സംഭവിച്ചു. ഗസ്സയിൽ വംശഹത്യ ശ്രമത്തിനിടെ പരിക്കേറ്റ ഇസ്രായേൽ സൈനികരെ ചികിത്സിച്ചിരുന്നത് ഇവിടെയാണ്. ഫലസ്തീനികളുടെ 94 ശതമാനം ആശുപത്രികളും തകർത്തത് ഇസ്രായേലാണ്. ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യംവെക്കുന്നത് ഇറാനല്ല, ഇസ്രായേലി യുദ്ധക്കുറ്റവാളികളാണ്. അവരാണ് ഈ രക്തച്ചൊരിച്ചിൽ തുടങ്ങിവെച്ചത്’ -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.