അകന്നുതന്നെ; ക്വാഡ് ഉച്ചകോടിക്ക് ട്രംപ് ഇന്ത്യയിലെത്തില്ലെന്ന് റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ഈ വർഷാവസാനം നടക്കാനിരുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം മാറ്റിയതായി സൂചന. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപിന് ഇന്ത്യ സന്ദർശിക്കാൻ താത്പര്യമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഈ വർഷം അവസാനം ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ട്രംപിന്റെ മാറുന്ന നിലപാടും ചർച്ചയാവുന്നത്.
‘നോബൽ പുരസ്കാരവും അലോസരപ്പെടുത്തുന്ന ഫോൺ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ അനാവരണം ചെയ്യപ്പെട്ടു’ എന്ന തലക്കെട്ടിൽ ട്രംപുമായി ബന്ധമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, ജനുവരിയിൽ ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിച്ചിരുന്നു.
ഇന്ത്യ -യു.എസ് വ്യാപാരബന്ധം സമ്മർദ്ദത്തിലായിരിക്കെ, ഇന്ത്യ -പാക്ക് സംഘർഷം പരിഹരിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് ശേഷം ട്രംപും മോദിയും തമ്മിലുള്ള ബന്ധം എങ്ങനെ വഷളായി എന്നതിനെക്കുറിച്ച് വിവരിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് ലേഖനം.
മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമക്ക് ലഭിച്ചതിന് സമാനമായി സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഇതിനായി പാക്കിസ്ഥാൻ ട്രംപിനെ നോമിനേറ്റ് ചെയ്യാൻ തയ്യാറാണെന്നും ലേഖനം പറയുന്നു.
ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് ഇന്ത്യ-യു.എസ് ബന്ധം വഷളാക്കിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
ന്യൂയോർക്ക് ടൈംസിന്റെ അവകാശവാദത്തെക്കുറിച്ച് യു.എസിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.