ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്താൻ സാധിച്ചില്ല; മന്ത്രിസ്ഥാനം രാജിവെച്ച് ഡച്ച് മന്ത്രി
text_fieldsകാസ്പർ വെൽഡ്കാംപ്
തെൽ അവീവ്: ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ഡച്ച് വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്കാംപ്. ഗസ്സയിലെ അധിനിവേശത്തിന്റെ പേരിൽ ഇസ്രായേലിനെതിരെ കൂടുതൽ നടപടികളെടുക്കാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാൽ, കാബിനറ്റിൽ എതിർപ്പ് ഉയർന്നതിനാൽ ഇത് നടന്നിരുന്നില്ല. ഇതോടെയാണ് മന്ത്രി പദവി രാജിവെച്ചത്.
പുതിയ ഉപരോധം ഇസ്രായേലിനുമേൽ ഏർപ്പെടുത്താൻ എനിക്ക് സാധിച്ചില്ല. നിലവിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് തന്നെ തന്റെ സഹപ്രവർത്തകരിൽ നിന്ന് വലിയ എതിർപ്പാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെസൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ ഗീർ പോലുള്ള തീവ്രവലതുപക്ഷ നയം പിന്തുടരുന്ന ഇസ്രായേൽ മന്ത്രിമാർക്കുള്ള പ്രവേശനവിലക്ക്, ഇസ്രായേൽ നാവികസേന കപ്പലുകൾക്ക് വേണ്ടിയുള്ള സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് എന്നിവയെല്ലാം അദ്ദേഹം നടപ്പാക്കിയിരുന്നു.
ഇതിനെതിരെ വലിയ എതിർപ്പാണ് സഹമന്ത്രിമാരിൽ നിന്നും ഉയർന്നത്. വിദേശകാര്യമന്ത്രിയുടെ രാജിക്ക് പിന്നാലെ സോഷ്യൽ കോൺട്രാക്ട് മന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിമാരും പദവി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഗസ്സയിൽ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് നെതർലാൻഡ് രംഗത്തെത്തിയിരുന്നു.
നേരത്തെ ഗസ്സയിൽ അഞ്ചുലക്ഷത്തിലേറെ ആളുകൾ കൊടും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ട്. ‘പട്ടിണി മരണത്തിന്റെ വക്കിലാണ് പതിനായിരങ്ങൾ. ഗസ്സയിലെ പട്ടിണി പൂർണമായും മനുഷ്യനിർമിതമാണ്. വെടിനിർത്തി സഹായവസ്തുക്കൾ എത്തിക്കേണ്ടത് അനിവാര്യമാണ്. മടി കാണിച്ചും ചർച്ച നടത്തിയും നിൽക്കേണ്ട സമയം കഴിഞ്ഞു. പട്ടിണി അതിവേഗം വ്യാപിക്കുകയാണ്. ഏതാനും ദിവസം വൈകിക്കുന്നത് പോലും പട്ടിണിമരണം കുതിച്ചുയരാൻ കാരണമാണ്. ഇത് സ്വീകാര്യമല്ല. ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളാണ് വർധിച്ചുവരുന്നത്’ -റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗസ്സയിൽ പട്ടിണിയില്ലെന്നും ഹമാസിന്റെ കള്ളം അനുസരിച്ചുള്ള റിപ്പോർട്ടാണിതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ കള്ളം പ്രചരിപ്പിക്കുന്നത് പൊളിക്കുന്നതാണ് യു.എൻ റിപ്പോർട്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഹമാസ് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.