ഗസ്സ വ്യോമാക്രമണ കേസിൽ ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രിക്ക് സംരക്ഷണം നൽകി ഡച്ച് സുപ്രീംകോടതി
text_fieldsഹേഗ്: 2014ലെ ഗസ്സ വ്യോമാക്രമണ കേസിൽ ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രിയും സേനാതലവനുമായിരുന്ന ബെന്നി ഗാന്റ്സിനും വ്യോമസേന മുൻ കമാൻഡർ അമീർ ഇഷേലിനുമെതിരെ ഫലസ്തീൻ പൗരന് കേസ് കൊടുക്കാനാവില്ലെന്ന് ഡച്ച് സുപ്രീം കോടതി. ഇരുവർക്കുമെതിരെ നെതർലൻഡിൽ കേസെടുക്കുന്നതിൽനിന്ന് സംരക്ഷണമുള്ളതായി കോടതി നിരീക്ഷിച്ചു. കീഴ് കോടതിയിലെ രണ്ടു ജഡ്ജിമാരുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി നടപടി.
ഫലസ്തീൻ പൗരനായ ഇസ്മാഈൽ സിയാദയാണ് ഇവർക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. 2014ലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇസ്മാഈലിന്റെ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സൈനിക നടപടിയിൽ ഇരുവരും പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്മാഈൽ കോടതിയെ സമീപിച്ചത്. യുദ്ധക്കുറ്റങ്ങളാണ് ഇരുവരും ചെയ്തതെന്നും അതിനാൽ നിയമ നടപടികളിൽനിന്ന് സംരക്ഷണത്തിന് ഇരുവരും അർഹരല്ലെന്നും ഇസ്മാഈലിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
വ്യോമാക്രമണം നടക്കുമ്പോൾ ഗാന്റ്സ് ഇസ്രായേൽ സേന തലവനായിരുന്നു. തീവ്രവാദികൾ ഒളിച്ചിരുന്ന വീടിനുനേരെയാണ് വ്യോമാക്രമണം നടത്തിയതെന്നും നാലുപേരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ഇസ്രായേൽ നീതി മന്ത്രാലയം ഡച്ച് കോടതിയിൽ ബോധിപ്പിച്ചത്. അതേസമയം, ഇസ്രായേൽ സർക്കാറിന്റെ നയമാണ് ഇരുവരും നടപ്പാക്കിയതെന്നും അതിനാൽ സിവിൽ കോടതിയിൽ നിയമ നടപടികൾ നേരിടുന്നതിൽനിന്ന് ഇരുവർക്കും സംരക്ഷണമുണ്ടെന്നുമാണ് ഡച്ച് കോടതി നിരീക്ഷിച്ചത്.
നിലവിൽ ഇസ്രായേൽ പ്രതിപക്ഷ പാർട്ടിയായ നാഷനൽ യൂനിറ്റിയുടെ തലവനാണ് ഗാന്റ്സ്. പ്രതിരോധ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇഷേൽ വാഷിങ്ടൺ കേന്ദ്രമായുള്ള ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡമോക്രസീസിൽ സീനിയർ ഫെലോയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.