അൽ അഖ്സ പള്ളിയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ വിദ്യാർഥിക്കെതിരെ കുറ്റപത്രം
text_fieldsജറുസലേം: ജൂതന്മാരെ ലക്ഷ്യമിട്ട് അൽ അഖ്സ പള്ളി സമുച്ചയത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് കിഴക്കൻ ജറുസലേം സ്വദേശിയായ വിദ്യാർഥിക്കെതിരെ ഇസ്രായേൽ അധികൃതർ കുറ്റംചുമത്തി. അബ്ദുല്ല ജംജൂം എന്നയാൾക്കെതിരെയാണ് കേസെടുത്ത്.
മറ്റൊരു വിദ്യാർഥിയായ മുഹമ്മദ് ശാൽബിയുടെ ആക്രമണ പദ്ധതിക്ക് സഹായം നൽകിയെന്നും സ്ഫോടകവസ്തു നിർമാണത്തിനാവശ്യമായ രാസവസ്തുക്കൾ വാങ്ങാൻ ഇയാൾക്കൊപ്പം റാമല്ലയിലേക്ക് പോയെന്നും ജംജൂമിനെതിരെ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. ശാൽബിയെ ആഗസ്റ്റിൽ അറസ്റ്റ് ചെയ്യുകയും ഒക്ടോബർ 8ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ജംജൂമിനെ ഒക്ടോബർ 13നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജറുസലേം ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
ഏകദേശം ഒരു വർഷം മുമ്പ് ഇരുവരും മറ്റ് രണ്ടുപേരോടൊപ്പം റാമല്ലയിലേക്ക് പോയി സ്ഫോടകവസ്തു നിർമാണത്തിനുള്ള രാസവസ്തുക്കൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിന്നീട് വീട്ടിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിജയതായും അൽ അഖ്സ പള്ളി സമുച്ചയത്തിൽ പ്രവേശിക്കുന്ന പരമാവധി ജൂതന്മാരെ കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രം ആരോപിക്കുന്നു.
ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധകേന്ദ്രമായ അൽ അഖ്സ പള്ളി സ്ഥിതി ചെയ്യുന്ന സമുച്ചയത്തിൽ ഇസ്രായേൽ വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ കടന്നുകയറ്റം വർധിച്ചിട്ടുണ്ട്. നിലവിലുള്ള മതപരവും ഭരണപരവുമായ നിയമങ്ങൾക്ക് വിരുദ്ധമായി ജൂതർ അവിടെ പരസ്യമായി പ്രാർഥിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്യുന്നതും സംഘർഷത്തിന് കാരണമാകാറുണ്ട്.

