ഇസ്രായേലിന് ഉപരോധമേർപ്പെടുത്തുന്നതിൽ യുറോപ്യൻ യൂണിയനിൽ ഭിന്നത; കടുത്ത നടപടി വേണമെന്ന് സ്പെയിനും അയർലാൻഡും
text_fieldsകോപ്പൻഹേഗൻ: ഇസ്രായേലിന് ഉപരോധമേർപ്പെടുത്തുന്നതിൽ യുറോപ്യൻ യൂണിയനിൽ ഭിന്നത. യുറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഭിന്നത ഉടലെടുത്തത്. യുറോപ്യൻ യൂണിയനിലെ മനുഷ്യാവകാശ സഹായ മേധാവി ഇസ്രായേലിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇസ്രായേലിനെതിരായ നടപടി തീരുമാനിക്കാൻ 27 അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് യോഗം ചേർന്നത്. ഇസ്രായേൽ സ്റ്റാർട്ട് അപുകൾക്കുള്ള ഫണ്ട് നൽകുന്നത് നിർത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ യുറോപ്യൻ യൂണിയന് സാധിച്ചില്ല. സ്പെയിൻ, അയർലാൻഡ് പോലുള്ള രാജ്യങ്ങൾ ഇസ്രായേലിന് മേൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, നടപടിയൊന്നും വേണ്ടെന്നായിരുന്നു ജർമ്മനിയുടേയും ഹംഗറിയുടേയും നിലപാട്. ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ ഇപ്പോൾ തന്നെ വൈകിയെന്നും ഇനിയെങ്കിലും കടുത്ത നടപടി വേണമെന്നായിരുന്നു യോഗത്തിന് മുമ്പുള്ള സ്പെയിൻ വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാറസിന്റെ പ്രതികരണം. യുറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ ഇസ്രായേലിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ ചർച്ചകൾ തുടരണമെന്ന അഭിപ്രായക്കാരായിരുന്നു.
ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറുസലേമിലെ സഭാ തലവൻമാർ
തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറുസലേമിലെ സഭാ തലവന്മാർ. പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും അർമേനിയൻ, ഫ്രാൻസിസ്കൻ, ലാറ്റിൻ, ആംഗ്ലിക്കൻ സഭകളുടെ നേതാക്കളും അമേരിക്കൻ സെനറ്റർമാരായ ക്രിസ് വാൻ ഹോളൻ, ജെഫ് മെർക്ക്ലി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗസ്സയിലെ ചർച്ചുകൾക്കും അഹ്‌ലി അറബ് ആശുപത്രിക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. മനഃപൂർവ്വം പട്ടിണിക്കിടുന്ന ഗസ്സയിലെ കുട്ടികൾ ഭക്ഷണത്തിനായി നിലവിളിക്കുകയാണെന്നും നിരപരാധികൾ നിരന്തരം കഷ്ടപ്പെടുകയാണെന്നും സെനറ്റർമാരെ അറിയിച്ചു.
കൂടാതെ, ഇസ്രായേലി സഭകളുടെ പുരാതന പൈതൃകത്തിനുള്ള ഭീഷണി, തായ്‌ബെയിലും വെസ്റ്റ് ബാങ്കിലുടനീളമുള്ള ക്രിസ്ത്യൻ കുടുംബങ്ങൾ നേരിടുന്ന അപകടങ്ങൾ എന്നിവ സഭാ നേതാക്കൾ സെനറ്റർമാർക്ക് മുന്നിൽ അവതരിപ്പിച്ചു.
വിഷയങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും എംബസിക്കും മുന്നിൽ അവതരിപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് സെനറ്റർമാർ മടങ്ങിയതെന്ന് ഓർത്തഡോക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ ആരംഭിച്ച ക്രൂരമായ സൈനിക നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം ലോക നേതാക്കൾ രംഗത്തുവന്നു. ഇത് യുദ്ധത്തിലെ പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.