ഇറ്റലിയെ കടക്കുമോ? മുൾമുനയിൽ ബ്രിട്ടൻ
text_fieldsലണ്ടൻ: അതിവേഗം കുതിക്കുന്ന നിരക്കുമായി യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമായേക്കുമെന്ന ആധിയിൽ ബ്രിട്ടൻ. ദിവസങ്ങൾക്ക് മുമ്പു വരെ നാലാമതും അഞ്ചാമതുമായിരുന്ന രാജ്യം മൂന്നു ദിവസമായി ഇറ്റലിയുമായി മരണ നിരക്കിൽ അകലം കുറച്ചുവരികയാണ്. ഇറ്റലിയിൽ മരിക്കുന്നവരുടെ എണ്ണം ശരാശരി 500നു താഴെയെത്തിയിട്ടുണ്ട്. എന്നാൽ, ബ്രിട്ടൻ ഇപ്പോഴും കാര്യമായ കുറവു കാണിക്കാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ആറു കോടി ജനസംഖ്യയുള്ള ഇറ്റലിയിൽ ശനിയാഴ്ച 474 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ജനസംഖ്യ 6.7 കോടിയുള്ള ബ്രിട്ടനിൽ മരിച്ചവർ 621 പേരാണ്.
ആശ്വാസ തീരത്ത് സ്പെയിൻ
യൂറോപ്പിൽ കോവിഡ് മരണനിരക്കിൽ ഇറ്റലിക്കും ബ്രിട്ടനും പിറകിൽ മൂന്നാമതുള്ള സ്പെയിൻ ജീവിതത്തിലേക്ക് പതിയെ തിരിച്ചുകയറുന്നു. ദിവസങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്- 164 പേർ. മൊത്തം മരണസംഖ്യ 25,264 ആണ്. ഇളവുകൾ അനുവദിച്ചുതുടങ്ങിയ രാജ്യത്ത് ഞായറാഴ്ച മുതിർന്നവർക്ക് പുറത്ത് വ്യായാമത്തിന് അനുമതി നൽകി. തിങ്കളാഴ്ച പൊതു ഗതാഗതം പുനരാരംഭിക്കുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാകും.

ഇളവുകൾക്ക് നിരവധി രാജ്യങ്ങൾ
ആഴ്ചകളായി ലോകത്തെ ഭീതിയിൽ മുനമ്പിൽ നിർത്തുന്ന കോവിഡ് മഹാമാരി ക്രമേണ നിയന്ത്രണവിധേയമായി വരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇളവുകൾ പ്രഖ്യാപിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറ്റലി തിങ്കളാഴ്ച മുതൽ ഇളവുകൾ നടപ്പാക്കും. പാർക്കുകൾ തുറന്നും ബന്ധുവീടുകളിൽ സന്ദർശനത്തിന് അനുമതി നൽകിയും പൊതുവായ ഇളവുകൾക്ക് പുറമെ ചില പ്രദേശങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നേരത്തെ നിലവിൽ വന്നിട്ടുണ്ട്.
ജർമനിയിൽ മാസത്തിലേറെയായി അടഞ്ഞുകിടന്ന ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് ചിലയിടങ്ങളിൽ തുറക്കാൻ അനുമതി നൽകി. യൂറോപ്പിലെ ഏറ്റവും വലിയ ദേവാലയമായ കൊളോൺ കത്തീഡ്രൽ ഞായറാഴ്ച തുറന്നു. ഇറാനിൽ പ്രദേശങ്ങളെ മൂന്നായി തിരിച്ച് രോഗം കുറഞ്ഞിടത്ത് പള്ളികൾ തുറക്കാൻ അനുമതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.