അസം പൗരത്വപ്പട്ടിക: ആശങ്ക അറിയിച്ച് യു.എൻ
text_fieldsബർലിൻ: അസം പൗരത്വപ്പട്ടികയിൽനിന്ന് 19 ലക്ഷം പേർ പുറത്തായ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ അഭയാർഥികാര്യ വിഭാഗം. ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യ തയാറാകണമെന്ന് യു.എൻ അഭയാർഥികാര്യ വിഭാഗം ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി ആവശ്യപ്പെട്ടു. വലിയ വിഭാഗം ജനങ്ങളെ പൗരത്വമില്ലാത്തവരായി മാറ്റാനുള്ള ശ്രമം, ലോക ജനസമൂഹങ്ങളെ രാജ്യമില്ലായ്മയിൽനിന്ന് കരകയറ്റാനുള്ള യു.എന്നിെൻറ പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പുറത്താക്കപ്പെട്ടവർക്ക് അവരുടെ ഭാഗം കേൾക്കാൻ കൃത്യവും നീതിയുക്തവുമായ നിയമസഹായം ലഭ്യമാക്കണമെന്നും ഗ്രാൻഡി പറഞ്ഞു.
ലക്ഷത്തോളം ഗൂർഖകൾ പുറത്തായത് ഞെട്ടിക്കുന്ന വിവരം –മമത
കൊൽക്കത്ത: പൗരത്വപ്പട്ടികയിൽനിന്ന് ഒരുലക്ഷം ഗൂർഖ സമുദായാംഗങ്ങൾ പുറന്തള്ളപ്പെട്ടുവെന്നത് െഞട്ടിക്കുന്ന വിവരമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പട്ടികയിൽനിന്ന് യഥാർഥ ഇന്ത്യക്കാർ പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും നീതി ലഭ്യമാവണം. ‘‘പൗരത്വപ്പട്ടിക സംബന്ധിച്ച് നേരത്തെ കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന ഓരോ വിവരങ്ങളും അമ്പരപ്പിക്കുന്നവയാണ്. ഒരു ലക്ഷത്തിലേറെ ഖൂർഖകൾ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു.’’ -മമത പ്രസ്താവനയിൽ പറഞ്ഞു.
പുറത്താക്കപ്പെട്ടവരിൽ സൈനികരും മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിെൻറ കുടുംബാംഗങ്ങളും വരെ ഉൾെപ്പടുന്നുണ്ട്. പട്ടികയുടെ പേരിൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചവരുടെ മുഖം തിരിച്ചറിയപ്പെട്ടുവെന്നും മമത ആരോപിച്ചു.
നീതിബോധമുള്ളവർ അസം ജനതക്കുവേണ്ടി രംഗത്തിറങ്ങണം –ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: 19 ലക്ഷത്തിൽപരം ജനങ്ങളെ ഒഴിവാക്കിയ അസമിലെ പൗരത്വപ്പട്ടികയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത്രയും ആളുകൾക്ക് രാജ്യമില്ലാതാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. പൗരത്വപ്പട്ടിക പ്രക്രിയ പൂർണമായും നിർത്തണം.
ആവശ്യമായ രേഖകളും തെളിവുകളുമായി വീണ്ടും അപേക്ഷ നൽകാൻ ഒഴിവാക്കപ്പെട്ടവർ ക്ഷമകാണിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് സാമൂഹികകാര്യ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ പറഞ്ഞു. വിദേശി ട്രൈബ്യൂണലിനു മുമ്പാകെ അപ്പീൽ നൽകാൻ 120 ദിവസത്തെ സാവകാശമുണ്ട്. ട്രൈബ്യൂണൽ വിധി തൃപ്തികരമല്ലെങ്കിൽ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാൻ അവസരമുണ്ട്. നീതിബോധമുള്ളവർ അസമിലെ ജനങ്ങൾക്കുവേണ്ടി രംഗത്തിറങ്ങണം.
മുൻരാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിെൻറ മകൻ, കാർഗിൽ യോദ്ധാവ് സനാഉല്ല എന്നിവരുടെ പേര് അന്തിമ പൗരത്വപ്പട്ടികയിൽ ഇല്ലാത്തതിൽനിന്ന് വിവരശേഖര പ്രക്രിയയിൽ സംഭവിച്ച പിഴവുകൾ വ്യക്തമാണ്. പ്രകൃതിക്ഷോഭത്തിലും മറ്റും രേഖകൾ നശിച്ച് തെളിവു നൽകാൻ കഴിയാതെപോയവരെ വിദേശികളെന്നു മുദ്രകുത്തുന്ന സ്ഥിതിയാണ്. ചില്ലറ തെറ്റുകളുടെ പേരിലാണ് മിക്കവരും പട്ടികക്കു പുറത്തായത്.
രാഷ്ട്രീയ ലാക്കോടെയാണ് പൗരത്വ രജിസ്റ്റർ പ്രക്രിയ നടന്നത്. അന്തിമ പട്ടികയെ ബി.െജ.പിയും കോൺഗ്രസും അസമിലെ പ്രാദേശിക പാർട്ടികളും എതിർക്കുന്നു. പൗരത്വപ്പട്ടിക വിഷയത്തിൽ വർഗീയത കലർത്താനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. പൗരത്വ രജിസ്റ്റർ പരിപാടി രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കരുത്. വികസനത്തിനും ജനക്ഷേമത്തിനുമാണ് സർക്കാർ ഉൗന്നൽ നൽകേണ്ടതെന്നും മലിക് മുഅ്തസിംഖാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.