പ്രമുഖ മാന്ത്രികൻ റോയ് ഹോൺ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsലാസ് വെഗസ് (അമേരിക്ക): ദശാബ്ധത്തിലേറെ ലാസ് വെഗസിലെ മാജിക് പ്രേമികളെ വിസ്മയിപ്പിച്ച പ്രമുഖ മാന്ത്രിക ജോഡി സീഗ്ഫ്രൈഡ്- റോയിയിലെ റോയ് ഹോൺ (75) കോവിഡ് 19 ബാധിച്ച് മരിച്ചു.
കടുവകളെ തോളിലേറ്റിയും ആനയെ അപ്രത്യക്ഷമാക്കിയുമൊക്കെ ലക്ഷക്കണക്കിന് കാണികളെ അമ്പരിപ്പിച്ച കലാകാരനാണ് റോയ് ഹോൺ. ലാസ് വെഗസിലെ പ്രമുഖ കസീനോ ആയ 'ദി മിറാജി'ൽ 14 വർഷത്തോളം സീഗ്ഫ്രൈഡ് ഫിഷ്ബാച്ചറിനൊപ്പം റോയ് അവതരിപ്പിച്ച 'സീക്രട്ട് ഗാർഡൻ ഓഫ് സീഗ്ഫ്രൈഡ്- റോയ്' ഏറെ ആരാധകരുള്ള പരിപാടി ആയിരുന്നു.
ജർമ്മൻകാരായ ഇരുവരും ഒരു ആഡംബര കപ്പലിലെ ജീവനക്കാരായിരുന്നു. സീഗ്ഫ്രൈഡ് ആ കപ്പലിലെ മജീഷ്യനും റോയ് സ്റ്റുവേർഡും. പിന്നീട് ഒരുമിച്ച് മാജിക് അവതരിപ്പിക്കാൻ 1967ൽ ഇരുവരും ലാസ് വെഗസിലെത്തി. 1989ലാണ് മാജിക്കും സർക്കസും ഇടകലർന്ന മിറാജിലെ ഷോയ്ക്ക് തുടക്കമാകുന്നത്.
2003ൽ ഷോയ്ക്കിടെ വെള്ളക്കടുവ റോയിയുടെ കഴുത്തിൽ കടിച്ച് മുറിവേൽപ്പിക്കുന്നത് വരെ ഒരു ദശാബ്ധത്തിലേറെ മുടക്കമില്ലാതെ ഇവരുടെ പരിപാടി തുടർന്നു. അന്ന് കടുവ കഴുത്തിൽ കടിച്ചു പിൻസ്റ്റേജിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടർന്ന് റോയിയുടെ ശരീരം ഭാഗികമായി തളർന്നിരുന്നു.
സംസാരശേഷിക്കും തകരാറുണ്ടായി. ഇതൊക്കെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിയ റോയ് സീഗ്ഫ്രൈഡുമായി ചേർന്ന് 2010 വരെ ഷോകൾ ചെയ്തിരുന്നു.
കോവിഡ് 19 സാധിച്ച് ലാസ് വെഗസിലെ മൗണ്ടൻ വ്യൂ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു റോയ്.
" ഇന്ന് ലോകത്തിന് മാന്ത്രികതയുടെ ഒരു മഹത്തായ അധ്യായം നഷ്ടമായി. എനിക്ക് ഉറ്റ സുഹൃത്തിനെയും" - റോയിയുടെ മരണവാർത്തയറിഞ്ഞ് സീഗ്ഫ്രൈഡ് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.