പൗരത്വ നിയമം: അന്താരാഷ്ട്ര പ്രതിഷേധം ശക്തം
text_fieldsലണ്ടൻ/വാഷിങ്ടൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തിയാർജിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ വംശജരുടെ കൂട്ടായ്മകളുടേയും പൗരാവകാശ സംഘടനകളുടേയും പിന്തുണയോടെ പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിന് പുറമെ വിവിധ സർവകലാശാലകളിലും പ്രതിഷേധം അലയടിക്കുന്നുണ്ട്.
ഏഷ്യക്ക് പുറമെ യൂറോപ്പിലേയും അമേരിക്കയിലേയും വിവിധ പത്രങ്ങൾ വൻ പ്രാധാന്യത്തോടെയാണ് പ്രക്ഷോഭത്തിെൻറ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. ഭരണത്തിലേറിയ ആറു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ബ്രിട്ടീഷ് പത്രമായ ‘ഗാർഡിയൻ’ മുഖപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. രാജ്യത്തിെൻറ അടിസ്ഥാനങ്ങളായ ബഹുസ്വരതക്കും മതേതരത്വത്തിനും ഭീഷണിയാണ് പൗരത്വ ഭേദഗതി നിയമമെന്നും ‘എല്ലാവർക്കും അപകടകരം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു.
അമേരിക്കൻ പത്രങ്ങളിലും ഇന്ത്യയിലെ പ്രക്ഷോഭങ്ങളാണ് പ്രധാന വാർത്ത. ‘വാൾസ്ട്രീറ്റ് ജേണൽ’, ‘വാഷിങ്ടൺ പോസ്റ്റ്’, ‘ന്യൂയോർക്ക് ടൈംസ്’ പത്രങ്ങളാണ് പ്രതിഷേധവാർത്ത ചിത്രങ്ങൾ സഹിതം ഒന്നാംപേജിൽ നൽകിയത്.
ഗാർഡിയന് പുറമെ ബ്രിട്ടീഷ് പത്രങ്ങളായ ഇൻഡിപെൻഡൻറ്, ടെലഗ്രാഫ് എന്നിവയും ബ്ലൂംബെർഗ്, ന്യൂയോർക്കർ, അൽ ജസീറ, ഗൾഫ് ന്യൂസ്, ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്വർക്ക് (സിജിടിഎൻ), സൗത്ത് ചൈന മോണിങ് പോസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പ്രക്ഷോഭ വാർത്തകൾ നൽകി.
ബുധനാഴ്ച രാത്രി ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ സംബന്ധിച്ചു. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിെൻറയും (എസ്.ഒ.എ.എസ്) ഇന്ത്യ സൊസൈറ്റിയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പുറമെ ലണ്ടനിലെ മലയാളിസമൂഹത്തിെൻറ നേതൃത്വത്തിൽ ഹൈകമീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച കേംബ്രിജ് നഗരത്തിൽ കേംബ്രിജ് വാഴ്സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിലും ചൊവ്വാഴ്ച ഒാക്സ്ഫഡ് വാഴ്സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിൽ റാഡ്ക്ലിഫ് ചത്വരത്തിലും പ്രതിഷേധം അരങ്ങേറി. ജർമനിയിലെ ബർലിൻ, ഫിൻലൻഡിലെ ഹെൽസിങ്കി, സ്വിറ്റ്സർലൻഡിലെ സൂറിച്ച് എന്നിവിടങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.
ഹാര്‍വഡ്, യേല്‍, കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ്, മസാച്യുസെറ്റ്സ്, ടഫ്റ്റ്സ് ഉള്‍പ്പെടെ അമേരിക്കയിലെ 19 സര്‍വകലാശാലകളിലെ 400ഓളം വിദ്യാർഥികളും പൂര്‍വ വിദ്യാർഥികളും പ്രക്ഷോഭ രംഗത്തുള്ള വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി.
പൗരത്വ നിയമം പാസാക്കിയ നടപടിയെ അപലപിച്ച് അമേരിക്ക, ബ്രിട്ടൻ, കാനഡ, നെതർലൻഡ് എന്നിവിടങ്ങളിലെ ഇന്ത്യൻ വംശജരായ 700 ഓളം േപർ പ്രസ്താവനയിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.