തെരഞ്ഞെടുപ്പ് തിരിച്ചടി: രാജിയാവശ്യം തള്ളി തെരേസ മേയ്
text_fieldsലണ്ടൻ: ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പ്രധാനമന്ത്രി തെരേസ മേയ് രാജിവെക്കണമെന്ന ആവശ്യം തള്ളി. കൺസർവേറ്റിവ് പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ഖേദം പ്രകടിപ്പിച്ച മേയ് ഭൂരിപക്ഷം വർധിപ്പിക്കാനാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പറഞ്ഞു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്ക് 42.4 ശതമാനം വോേട്ടാടെ 318 സീറ്റുകളാണ് ലഭിച്ചത്. ഇത് കേവലഭൂരിപക്ഷത്തിന് 8 സീറ്റുകൾ കുറവാണ്. എന്നാൽ, 10 സീറ്റുള്ള ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കുമെന്ന് വെള്ളിയാഴ്ച മേയ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് ശേഷം എതിരാളികളായ ലേബർ പാർട്ടി മേയുടെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. സർക്കാർ രൂപവത്കരിക്കാൻ മേയ് മാറിനിൽക്കണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ 40 ശതമാനം വോേട്ടാടെ 262 സീറ്റുകളാണ് നേടിയത്. കഴിഞ്ഞദിവസം ബ്രിട്ടനിൽ പുറത്തിറങ്ങിയ മിക്ക പത്രങ്ങളും തിരിച്ചടിയുടെ ഉത്തരവാദിത്തം മേയ്ക്കാണെന്ന് വിലയിരുത്തി.
കൺസർവേറ്റിവ് പാർട്ടിക്ക് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ‘ദ ടൈംസ്’ തെരഞ്ഞെടുപ്പ് ഫലം മേയ്ക്ക് മുറിവേൽപിക്കുന്നതാണെന്ന് വിലയിരുത്തി. കൺസർവേറ്റിവ് പാർട്ടി നേതൃത്വം മേയുടെ രാജിയാവശ്യപ്പെടാതിരിക്കാൻ കാരണം കോർബിൻ അധികാരത്തിലേറാനുള്ള സാധ്യതയുള്ളതിനാലാണെന്ന് ‘സൺ’ പത്രവും വിലയിരുത്തി. അതിനിടെ, തെരേസ മേക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്തുണ അറിയിച്ചു. മേയെ ഫോണിൽ വിളിച്ചാണ് ഇരു രാജ്യങ്ങളും തമ്മിലെ പ്രത്യേക ബന്ധം നിലനിർത്തുമെന്ന് അറിയിച്ചത്.
മേയുടെ രണ്ട് ഉപദേശകർ രാജിവെച്ചു
ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പ്രധാനമന്ത്രി തെരേസ മേയുടെ രണ്ട് പ്രധാന ഉപദേശകർ രാജിവെച്ചു. നിക് തിമോത്തിയും ഫിയോന ഹില്ലുമാണ് രാജിവെച്ചത്. ടോറി(കൺസർവേറ്റിവ് പാർട്ടിക്കാരുടെ വിളിപ്പേര്) മാനിഫെസ്റ്റോ തയാറാക്കുന്നതിലെ തെൻറ പങ്കിെൻറ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് തിമോത്തി പറഞ്ഞു. പാർട്ടിയിൽ മേയ്ക്കെതിരായ നീക്കങ്ങളുണ്ടാകുന്നത് മുന്നിൽകണ്ടാണ് ഇവരുടെ രാജിയെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.