കുടിയേറ്റക്കാർക്കെതിരായ നടപടി; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി രാജി വെച്ചു, സ്ഥാനത്തേക്ക് പാക് വംശജൻ
text_fieldsലണ്ടൻ: അനധികൃത കുടിയേറ്റത്തിനെതിരായ സർക്കാർ നടപടി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബർ റഡിൻെറ രാജിയിൽ കലാശിച്ചു. ദീർഘകാലം യു.കെയിൽ താമസിക്കുന്ന കരീബിയൻ വംശജർക്കെതിരായ നടപടിയാണ് റഡിൻറെ പദവി തെറിപ്പിച്ചത്. രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി തെരേസ മേയുടെ ഒാഫീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തെരേസ മെയ് സർക്കാറിൽനിന്ന് രാജിവെക്കുന്ന മന്ത്രിപദവിയുള്ള നാലാമത്തെയാളാണ് റഡ്.
രാജിയെ തുടർന്ന് പാക് വംശജനായ എം.പി. സാജിദ് ജാവിദിനെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. 1960കളിൽ പാകിസ്താനിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് 48കാരനായ ജാവിദിെൻറ കുടുംബം. പാകിസ്താനിൽ ബസ് ഡ്രൈവറായിരുന്നു പിതാവ്.
കൺസർവേറ്റീവ് പാർട്ടി എം.പിയായ ഇദ്ദേഹം ഇൻെവസ്റ്റ്മെൻറ് ബാങ്കറും കൂടിയാണ്. ബ്രിട്ടനിൽ മന്ത്രിസഭയിൽ ഉന്നത പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരനാണ് ജാവിദ്.
ദീർഘകാലം ബ്രിട്ടനിൽ താമസിക്കുന്ന കരീബിയൻ വംശജർക്കെതിരായ നടപടിയാണ് റഡിെൻറ രാജിയിൽ കലാശിച്ചത്.
1950-60 കാലഘട്ടത്തിൽ കരീബിയയിൽ നിന്ന് യു.കെയിൽ എത്തിച്ചേർന്നവർക്ക് ബ്രിട്ടനിൽ ചികിത്സ, പാർപ്പിടം എന്നിവ നിഷേധിക്കുകയും രാജ്യത്ത് താമസിക്കുന്നതിനുള്ള അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു. വൈൻഡ്റഷ് തലമുറയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇത് സർക്കാറിൻെറ കുടിയേറ്റ നയങ്ങൾക്കെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു.
തുടർന്ന് വിഷയത്തിൽ ആഭ്യന്തരവകുപ്പ് തെരഞ്ഞെടുപ്പു കമ്മറ്റി കഴിഞ്ഞയാഴ്ച്ച റഡിനെ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ നാടുകടത്തൽ വിഷയത്തിൽ റഡ് തയ്യാറാക്കിയ പദ്ധതി ഗാർഡിയൻ ദിനപത്രം പുറത്ത് വിടുകയായിരുന്നു. ഇത് റഡിന് വൻതിരിച്ചടിയായതിനെ തുടർന്നാണ് രാജി വെക്കേണ്ടി വന്നത്. റഡിൻറെ കുടിയേറ്റ നയത്തിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നും 200 ലേറെ അംഗങ്ങൾ ഒപ്പുവെച്ച കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.