ഗസ്സയിൽ വെടിനിർത്തലിന് സമ്മർദവുമായി യൂറോപ്യൻ രാജ്യങ്ങൾ
text_fieldsphoto: AFP / Mahmud Hams
ബ്രസൽസ്: ഗസ്സയിൽ ശാശ്വത വെടിനിർത്തലിന് സമ്മർദം ചെലുത്തണമെന്ന് യൂറോപ്യൻ യൂനിയനിൽ ആവശ്യം ശക്തമാകുന്നു. സ്പെയിൻ, അയർലൻഡ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങൾ ഈ ആവശ്യവുമായി രംഗത്തുണ്ട്.ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇ.യു അംഗരാജ്യങ്ങൾ സമവായത്തിലെത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തലിനെ സ്പെയിൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിൽ വെടിനിർത്തൽ വേണമെന്നും സാധാരണക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സ്പെയിൻ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്.
ഗസ്സ വിഷയത്തിൽ യൂറോപ്യൻ യൂനിയന് ഇരട്ടത്താപ്പാണെന്നും ഗ്ലോബൽ സൗത്തിന് മുന്നിൽ യൂനിയന് വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്നും അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാദ്കർ പറഞ്ഞു. ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിക്കുന്നതിനൊപ്പം ഫലസ്തീനികൾക്ക് നീതി ലഭിക്കാൻ ആഹ്വാനംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസ് നേതാക്കൾക്ക് വിലയിട്ട് ഐ.ഡി.എഫ്
ഗസ്സ സിറ്റി: മുതിർന്ന ഹമാസ് നേതാക്കളുടെ ഒളിയിടങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻതുക പ്രതിഫലം വാഗ്ദാനംചെയ്ത് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (ഐ.ഡി.എഫ്) ഗസ്സയിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഹമാസ് നേതാവ് യഹ്യ സിൻവറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് നാലു ലക്ഷം ഡോളറും സഹോദരൻ മുഹമ്മദ് സിൻവറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം ഡോളറും നൽകുമെന്നാണ് വാഗ്ദാനം.
ഖാൻയൂനിസ് ബ്രിഗേഡ് കമാൻഡർ റഫ സലാമക്ക് രണ്ടു ലക്ഷം ഡോളറും ഹമാസിെന്റ സൈനികവിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിന് ലക്ഷം ഡോളറുമാണ് വിലയിട്ടിരിക്കുന്നത്.
വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഫോൺ നമ്പരും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.