യുക്രെയ്ൻ യുദ്ധം: യൂറോപ്യൻ ഉച്ചകോടി വിളിച്ച് ബ്രിട്ടൻ
text_fieldsലണ്ടൻ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച തർക്കത്തിൽ കലാശിച്ചതിന് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ബ്രിട്ടനിൽ എത്തിയതോടെയാണ് ഉച്ചകോടി വിളിച്ചത്. യുക്രെയ്നുള്ള ആയുധ സഹായം ട്രംപ് അവസാനിപ്പിക്കുമെന്ന ആശങ്കകൾക്കിടെയാണ് ബ്രിട്ടന്റെ നീക്കം. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ട സാഹചര്യത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സ്റ്റാർമറുടെ നേതൃത്വത്തിലാണ് നയതന്ത്ര നീക്കം നടക്കുന്നത്.
ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, കാനഡ, ഫിൻലൻഡ്, സ്വീഡൻ, ചെക്കിയ, റുമേനിയ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമീഷന്റെയും കൗൺസിലിന്റെയും പ്രസിഡന്റുമാർ എന്നിവരും ഉച്ചകോടിക്കെത്തി. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി അടക്കമുള്ള നേതാക്കളുമായി സെലൻസ്കി ഉഭയകക്ഷി ചർച്ചകൾ നടത്തി.
യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുക, റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ശക്തമാക്കുക, ശക്തവും ശാശ്വതവുമായ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുന്നത്.
ട്രംപ് യുക്രെയ്ന് ശാശ്വത സമാധാനം ആഗ്രഹിക്കുന്നെന്നും അദ്ദേഹത്തോട് യോജിക്കുന്നെന്നും സ്റ്റാർമർ പറഞ്ഞു. യൂറോപ്യൻ യൂനിയൻ സഖ്യകക്ഷികളുമായി ചേർന്ന് യു.എസുമായി തുടർ ചർച്ചകൾ നടത്തി യുക്രെയ്ന് സുരക്ഷ ഉറപ്പാക്കും. യുക്രെയ്ന്റെയും യൂറോപ്പിന്റെയും സുരക്ഷയും ഭാവിയും ഉറപ്പാക്കുന്നതിന് ഒരുമിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന് 2.26 ബില്യൺ പൗണ്ട് വായ്പ നൽകുന്ന കരാറിൽ ധനമന്ത്രി സെർച്ചി മെർച്ചെങ്കോയും ബ്രിട്ടീഷ് ചാൻസലർ റഷേൽ റീവ്സും ഒപ്പുവെച്ചു. യൂറോപ്യൻ യൂനിയൻ കൈവശം വെച്ചിരിക്കുന്ന റഷ്യൻ ആസ്തികളിൽനിന്നുള്ള ലാഭം ഉപയോഗിച്ചാണ് ഈ വായ്പ തിരിച്ചടക്കുക.
സേനയെ ശക്തിപ്പെടുത്താനും റഷ്യക്കെതിരെ മുന്നേറാനും ഈ വായ്പ യുക്രെയ്നെ സഹായിക്കുമെന്ന് റീവ്സ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.