റഫയിൽ കടുത്ത ഭക്ഷ്യദാരിദ്ര്യം; രോഗികൾ നിറഞ്ഞ് ആശുപത്രികൾ
text_fieldsറഫ: വടക്കൻ ഗസ്സയിൽനിന്ന് ആട്ടിയോടിക്കപ്പെട്ട് തെക്കുഭാഗത്ത് റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനിടെ, യുദ്ധവിമാനങ്ങൾ ബോംബിടുന്നത് ഇവരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
ഗസ്സയിലെ ആരോഗ്യരംഗം പാടെ തകർന്നതിനാൽ പരിക്കേറ്റവർക്ക് ചികിത്സയും ലഭിക്കുന്നില്ല. പ്രവർത്തിക്കുന്ന ചുരുക്കം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകളും ആരാധനാലയങ്ങളും ഇസ്രായേൽ സേന ബോംബിട്ട് തകർക്കുകയാണ്. നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ശാബൂറ ക്യാമ്പിൽ വീടിന് ബോംബിട്ട് ആറുപേരെ കൊലപ്പെടുത്തി. ഗസ്സ നഗരത്തിലെ അൽ ദറാജിൽ മസ്ജിദിനുനേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അൽ സൈത്തൂൻ, അൽ ശുജൈയ, അൽ സബ്റ പ്രദേശങ്ങളിലും വീടുകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് നടക്കുന്നത്.
അതേസമയം, ഹമാസിന്റെ പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി. കടുത്ത ചെറുത്തുനിൽപ് നടത്തുന്ന അൽഖസ്സാം ബ്രിഗേഡ് നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും സൈനികരെ കൊലപ്പെടുത്തിയതായും അറിയിച്ചു.
ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
ജറൂസലം: ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗിൽ ഡാനിയെൽസ് (34) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. മൃതദേഹം ഇസ്രായേലിലെ അഷ്ദോദ് നഗരത്തിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. ഒക്ടോബർ പത്തിനാണ് ഗിൽ റിസർവ് സൈന്യത്തോടൊപ്പം ചേർന്നത്. ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് അദ്ദേഹത്തിന്റെ കുടുംബവേരുകൾ.
മാധ്യമപ്രവർത്തകരെ കൊല്ലുന്നത് ബോധപൂർവമെന്ന് ആംനെസ്റ്റി
ബൈറൂത്: മാധ്യമപ്രവർത്തകർക്കും സിവിലിയന്മാർക്കുംനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ബോധപൂർവമാകാമെന്ന് മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷനലും ഹ്യൂമൻ റൈറ്റ്സ് വാച്ചും. ഒക്ടോബർ 13ന് ദക്ഷിണ ലബനാനിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ റോയിട്ടേഴ്സ് വിഡിയോഗ്രാഫർ കൊല്ലപ്പെടുകയും ആറ് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തത് സൂചിപ്പിച്ചാണ് പരാമർശം. ഇത് യുദ്ധക്കുറ്റമായിക്കണ്ട് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിലിന്റെ ഭാഗമായി ജാക്കറ്റും ഹെൽമറ്റുമെല്ലാം ധരിച്ച് നിലയുറപ്പിച്ച മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണം അബദ്ധമെന്ന് കരുതാനാകില്ലെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ആംനെസ്റ്റി ഇന്റർനാഷനലും ന്യൂയോർക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ചും കുറ്റപ്പെടുത്തി.
കെറം ഷാലോം അതിർത്തി തുറക്കാമെന്ന് ഇസ്രായേൽ
ഗസ്സ: നിരന്തര അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ ഗസ്സയിലേക്കുള്ള കെറം ഷാലോം അതിർത്തി തുറക്കാമെന്ന് സമ്മതിച്ച് ഇസ്രായേൽ. ഗസ്സയിലേക്ക് കൂടുതൽ സഹായ ട്രക്കുകൾക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ആദ്യമായാണ് ഇസ്രായേൽ അതിർത്തി തുറക്കാൻ സന്നദ്ധമാകുന്നത്.
ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രായേൽ സൈനികർ പരിശോധിച്ചശേഷമാണ് റഫ അതിർത്തിവഴി കടത്തിവിടുന്നത്. താരതമ്യേന ചെറിയ സൗകര്യങ്ങളുള്ള നിറ്റ്സാന ക്രോസിങ്ങിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കെറം ഷാലോമിലേക്ക് പരിശോധന മാറ്റുന്നതോടെ കൂടുതൽ ട്രക്കുകൾക്ക് ഗസ്സയിലെത്താൻ സാധിക്കും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇതുവഴി ട്രക്കുകൾ കടത്തിവിട്ടിരുന്നു. ഹമാസിന്റെ മിന്നലാക്രമണത്തിനുശേഷം അതിർത്തി ഇസ്രായേൽ അടക്കുകയായിരുന്നു.
അതിർത്തി വീണ്ടും തുറക്കാൻ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും സമ്മർദം ശക്തമാക്കിയിരുന്നു. ഗസ്സയിലെ സാഹചര്യം കൂടുതൽ വഷളാകുന്നത് പരിഗണിച്ച് പരിമിതമായ തോതിൽ അതിർത്തി തുറക്കാൻ ഇസ്രായേൽ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനമെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.