കണ്ണീർ ഹിമാലയം: നേപ്പാളും തിബറ്റും മിന്നൽ പ്രളയത്തിൽ, മരണം 362
text_fieldsമിന്നൽ പ്രളയം മരണംവിതച്ച നേപ്പാളിലെ നുവക്കോട്ട് ജില്ലയിലെ ദേവ്ഘട്ടിൽ രക്ഷാപ്രവർത്തകരെത്തുന്നു
കാഠ്മണ്ഡു: ഹിമാലയൻ മേഖലയായ നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയെ തൂത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 362 ആയി. വിനോദസഞ്ചാരികളും തീർഥാടകരുമടക്കം ഏകദേശം 1,500 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ 177 ഇന്ത്യക്കാരടക്കം 260 വിദേശികളെയാണ് കാണാതായത്. തിബറ്റ് ഭാഗത്ത് 558 പേരെ കാണാതായതായും ഇവരിൽ കുറഞ്ഞത് 260 പേർ വിദേശികളാണെന്നും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേപ്പാൾ-ചൈന അതിർത്തിയിലെ ലെൻഡ നദിയുടെ ഉത്ഭവ സ്ഥാനത്തിനടുത്ത് ബുധനാഴ്ചയുണ്ടായ കനത്ത മഞ്ഞിടിച്ചിലാണ് മിന്നൽ പ്രളയത്തിന് കാരണമായത്. അതിർത്തിയിലെ റസുവാഗഢി ചെക്ക്പോസ്റ്റിൽനിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുകിഴക്കായുണ്ടായ അപകടത്തെ തുടർന്ന് മേഖലയിലെ ഗ്രാമങ്ങൾ പൂർണമായി ഒലിച്ചുപോവുകയും വീടുകളും റോഡുകളും പാലങ്ങളും വൈദ്യുതി നിലയങ്ങളും തകരുകയും ചെയ്തു. തിബറ്റ് ഭാഗത്തെ ഹിമാനിയുടെ (മഞ്ഞുതടാകം) ഒരു ഭാഗം പൂർണമായും പാറക്കെട്ടുകളോടൊപ്പം തകർന്നുവീണതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
വിനോദ സഞ്ചാരികളുടെയും ട്രക്കിങ് സംഘങ്ങളുടെയും പ്രധാന കേന്ദ്രങ്ങളിലൊന്നായ റസുവാഗഢിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിമാനി തകർന്നതിന് പിന്നാലെ വെള്ളവും ചളിയും കല്ലുകളും നിറഞ്ഞ വൻ പ്രവാഹം മലനിരകളിലൂടെ താഴേക്ക് കുത്തിയൊഴുകുകയായിരുന്നു.
പ്രളയത്തിന്റെ ശക്തിയും വേഗവും കാരണം പ്രദേശവാസികൾക്ക് രക്ഷപ്പെടാൻ പോലും സമയം ലഭിച്ചില്ല. നേപ്പാളിലെ നുവാക്കോട്ട്, ധാദിങ്, റസുവ മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായി. നുവാക്കോട്ടിലെ ഏകദേശം 25 വീടുകളുണ്ടായിരുന്ന സോലി ഗ്രാമം ഏതാണ്ട് പൂർണമായി ഇല്ലാതായി.
ഹിന്ദു, ബുദ്ധ മതവിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രമായ കൈലാസ് മാനസസരോവർ യാത്രക്കാരും ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്. നേപ്പാളിൽ മാത്രം 826 പേരെയാണ് കാണാതായത്. ഇവരിൽ ഏകദേശം 600 പേർ വിദേശികളാണ്. യു.എസ് (63), ആസ്ട്രേലിയ (34), ബ്രിട്ടൻ (33), കാനഡ (33) എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയും കാണാതായി.
വ്യാഴാഴ്ച ഉച്ചവരെ നേപ്പാളിൽനിന്ന് 353 മൃതദേഹങ്ങൾ കണ്ടെത്തി. തിബറ്റിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചതോടെയാണ് ആകെ മരണസംഖ്യ 356 ആയത്. മൃതദേഹങ്ങൾ ദുരന്തമേഖലയിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽനിന്നുപോലും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ കൈലാസ മാനസസരോവർ തീർഥാടകരെ കുറിച്ച് വിവരമില്ല
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ അകപ്പെട്ട, 288 ഇന്ത്യൻ കൈലാസ മാനസസരോവർ തീർഥാടകരെ കുറിച്ച് ഒരു വിവരവുമില്ലെന്നും അതിൽ 53 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ബന്ധപ്പെടാനാവാത്ത ഇന്ത്യക്കാരിൽ 73 പേർ നേപ്പാളിലെ ത്രിശൂലി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണെന്നും മരണപ്പെട്ടവരെ കുറിച്ചുള്ള കൃത്യമായ കണക്ക് നേപ്പാളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുപോയ 33 പേർക്ക് പുറമേ സമ്രാട്ട്, ഫ്ലൈ എവറസ്റ്റ് എന്നീ സ്വകാര്യ ടൂർ ഓപറേറ്റർമാരുടെ കീഴിൽ കൈലാസ മാനസസരോവർ യാത്രക്ക് പോയവരാണ് കാണാതായവരിൽ ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്നുപോയ 37ഉം 49ഉം പേരടങ്ങുന്ന രണ്ട് സംഘങ്ങളെയും പശ്ചിമ ബംഗാളിൽ നിന്നുപോയ 32 പേരെയും റിച്ചാർഡ് ടൂർസ് വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നുപോയ 61 പേരെയും കുറിച്ച് വിവരമൊന്നുമില്ല.
അവരെ ബന്ധപ്പെടാനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ വക്താവ് തുടർന്നു. വ്യാഴാഴ്ച ഉച്ചവരെ തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത കാരണം മഞ്ഞുമല വീഴ്ച
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിന് കാരണം തിബറ്റിനോട് ചേർന്ന ഹിമാലയൻ മലനിരയിലെ മഞ്ഞുമലയിടിഞ്ഞതു തന്നെയെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ ഹിമാലയത്തിലെ ലാങ്താങ് ലിറുങ് കൊടുമുടിയിലാണ് വൻ മഞ്ഞുമല ഇടിഞ്ഞത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വടക്കായി റസുവ ജില്ലയിൽ തിബറ്റൻ അതിർത്തിയോട് ചേർന്നുള്ള ലാങ്താങ് ലിറുങ് കൊടുമുടിയുടെ താഴ് ഭാഗത്തായുള്ള കൂറ്റൻ മഞ്ഞു മല ഇടിഞ്ഞതാണ് പ്രളയകാരണമെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വിശകലനംചെയ്ത് ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു.
ഇവിടെ നിന്ന് അടർന്നുവീണ മഞ്ഞുമല, ദശലക്ഷക്കണക്കിന് ടൺ മഞ്ഞും പാറകളും മണ്ണുമായി താഴേക്ക് പതിക്കുകയായിരുന്നു. മലമുകളിൽ നിന്ന് കുത്തിയൊലിച്ചുവന്ന അവശിഷ്ടങ്ങൾ താഴ്വരയിലെ പോഷക നദിയായ ലെൻഡെ ഖോലെയുടെ ഒഴുക്ക് തടസ്സപ്പെടുത്തി.
പാറക്കഷ്ണങ്ങളും മഞ്ഞുമായി കെട്ടിക്കിടന്ന് തടാകം പോലെ രൂപപ്പെട്ട് വൻ സമ്മർദത്തിൽ പൊട്ടുകയും, ഗതിമാറിയൊഴുകി മിന്നൽ പ്രളയമായി മാറുകയുമായിരുന്നു. ഭോട്ടെകോശി നദി, ത്രിശുലി നദി, ഗൻഡക് നദി എന്നിവയിൽ അരമണിക്കൂറിനുള്ളിൽ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ വെള്ളം ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

