ഫ്ലൈദുബൈ: ഒമാനി സഹപൈലറ്റിനെ കൈമാറണമെന്ന് ഇസ്രായേൽ
text_fieldsജറൂസലം: തെൽ അവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സൗദി അറേബ്യ കസ്റ്റഡിയിലെടുത്ത ഒമാനി സഹപൈലറ്റിനെ ഇസ്രായേലിന് കൈമാറണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻഗ്വിർ ആവശ്യപ്പെട്ടു. വിമാനത്തിലെ സംഭവത്തിൽ ഇന്ത്യൻ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ വ്യോമസുരക്ഷാ നടപടികൾ ഇസ്രായേൽ ശക്തമായി പരിശോധിക്കുന്നതിനിടെയാണ് ആവശ്യം.
27 കുട്ടികളടക്കം 174 പേരുമായി സഞ്ചരിച്ച വിമാനം ബുധനാഴ്ച കോക്പിറ്റിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് സൗദിയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെയാണ് സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തത്.
സുരക്ഷാ കാബിനറ്റ് അംഗമായ ബെൻഗ്വിർ, പ്രതിയെ ഇസ്രായേലിലേക്ക് കൈമാറുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്ന് നീതിന്യായ മന്ത്രാലയത്തോടും നയതന്ത്ര ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഇസ്രായേലിൽ ചോദ്യം ചെയ്ത് നിയമനടപടികൾക്ക് വിധേയനാക്കണമെന്നാണ് ആവശ്യം.
എന്നാൽ, പ്രതി കസ്റ്റഡിയിലുള്ള സൗദി അറേബ്യക്കും അദ്ദേഹത്തിന്റെ രാജ്യമായ ഒമാനും ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്തത് നേരിട്ടുള്ള കൈമാറ്റനടപടിക്ക് തടസ്സമാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലെ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം പ്രതിയെ യു.എ.ഇക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രായേലും യു.എ.ഇയും നയതന്ത്രബന്ധം പുലർത്തുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതികളെ കൈമാറുന്നതിനുള്ള പ്രത്യേക കരാറില്ല.
പരിക്കേറ്റ പൈലറ്റ് സുഖം പ്രാപിക്കുന്നു
ദുബൈ: ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ അതിക്രമത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചു വരികയാണെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദർശിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാർ ആരോഗ്യവാനാണെന്നും ഉയർന്ന ആത്മവിശ്വാസത്തിലാണെന്നും അംബാസഡർ വ്യക്തമാക്കി. പൈലറ്റിന്റെ ഭാര്യ, സഹോദരൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി അംബാസഡർ ദുബൈയിൽ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

