സെർബുകൾക്ക് രേഖ നിർബന്ധമാക്കൽ: കൊസോവയിൽ സംഘർഷം
text_fieldsസരായെവോ: കൊസോവയുടെ വടക്കൻ മേഖലയിലെ സെർബുകൾക്ക് രേഖ നിർബന്ധമാക്കിയതിനെ ചൊല്ലി സംഘർഷം. കൊസോവ സർക്കാറിനെയും സംവിധാനങ്ങളെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത സെർബിയൻ പൗരന്മാർക്കാണ് കൊസോവയുടെ രേഖകൾ വേണമെന്ന് നിർബന്ധമാക്കിയത്. റോഡ് ഉപരോധിച്ചും തെരുവിലിറങ്ങിയും സെർബുകൾ പ്രതിഷേധം ശക്തമാക്കിയതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിയമം നടപ്പാക്കുന്നത് തത്കാലം നീട്ടിവെച്ചിട്ടുണ്ട്. കൊസോവയുടെ വടക്കൻ മേഖലയിൽ സെർബ് ഭൂരിപക്ഷ ജാരിഞ്ചെ, ബേൺജാക് അതിർത്തി പ്രദേശങ്ങളിലാണ് സെർബുകൾ സംഘർഷവുമായി ഇറങ്ങിയത്.
സെർബിയയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 14 വർഷം കഴിഞ്ഞിട്ടും ഈ മേഖലകളിലെ സെർബുകൾ കൊസോവ സർക്കാറിനെ അംഗീകരിക്കുന്നില്ല. വാഹനങ്ങൾക്ക് സെർബിയൻ ലൈസൻസ് പ്ലേറ്റുകളും രേഖകളും മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. തങ്ങൾ സെർബിയയുടെ ഭാഗമാണെന്ന് ഇവർ പറയുന്നു. സെർബിയ ഇവർക്ക് സാമ്പത്തിക സഹായവും നൽകിവരുന്നു. എന്നാൽ, കൊസോവയുടെ ഭാഗമായതിനാൽ രേഖകളും കൊസോവയുടെതാകണമെന്നാണ് നിർദേശം.
ഒരു വർഷം മുമ്പും ഇവിടങ്ങളിൽ സമാനമായി കൊസോവോ രേഖകൾ നിർബന്ധമാക്കിയിരുന്നെങ്കിലും സെർബുകൾ പ്രതിഷേധിച്ചതോടെ നീട്ടിയിരുന്നു. ഇത്തവണ, 60 ദിവസത്തെ സമയം നൽകുമെന്നും അതിനകം വാഹനങ്ങൾക്ക് കൊസോവയുടെ രേഖകൾ ശരിയാക്കണമെന്നും പ്രധാനമന്ത്രി അൽബിൻ കുർതി വ്യക്തമാക്കി. കൊസോവയിലെത്തുന്ന സെർബിയക്കാർക്കും സെർബിയ സന്ദർശിക്കുന്ന കൊസോവക്കാർക്കും ആഗസ്റ്റ് ഒന്ന് മുതൽ പ്രത്യേക രേഖ നിർബന്ധമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂനിയനും യു.എസും ഇടപെട്ടതോടെ ഈ നിയമം നടപ്പാക്കുന്നത് ഒരു മാസം നീട്ടി.
സെർബിയയും കൊസോവയും സ്വതന്ത്രമായെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം തുടരുകയാണ്. യുദ്ധമൊഴിവാക്കാൻ 3,770 സൈനികരുടെ സാന്നിധ്യവുമായി യു.എൻ സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.