കാർലോസ് മെനം അന്തരിച്ചു
text_fieldsബ്വേനസ് എയ്റിസ്: അർജൻറീനയെ സംഭവബഹുലമായി നയിച്ച മുൻ പ്രസിഡൻറ് കാർലോസ് മെനം അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവന്ന കാർലോസിെൻറ വിയോഗ വിവരം പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാമ്പത്തിക മുന്നേറ്റങ്ങളുടെ നായകനായി ഒരു കാലത്ത് വാഴ്ത്തപ്പെട്ട ഇദ്ദേഹം 1989 മുതൽ പത്തു വർഷത്തെ ഭരണശേഷം അഴിമതികളുടെയും വിവാദങ്ങളുടെയും മാറാപ്പുകളുമായാണ് സ്ഥാനമൊഴിഞ്ഞത്. ഗൾഫിലേക്കും ബോസ്നിയയിലേക്കും അർജൻറീനിയൻ സൈന്യത്തെ അയച്ചതും ക്രൊയേഷ്യയും എക്വഡോറുമായി ആയുധ ഇടപാട് നടത്തിയതും വിവാദമായി. ഭാര്യയെ ടി.വി കാമറക്ക് മുന്നിൽവെച്ച് പ്രസിഡൻറിെൻറ കൊട്ടാരത്തിൽനിന്ന് ആട്ടിപ്പുറത്താക്കിയതും കുപ്രസിദ്ധിക്ക് വഴിവെച്ചു.
സിറിയയിൽനിന്ന് കുടിയേറിയ കുടുംബത്തിൽ പിറന്ന കാർലോസ് 1950കളിലാണ് പെറോണിസ്റ്റ് പാർട്ടിയിൽ സജീവമാകുന്നത്. 1973 മുതൽ മൂന്നു വർഷം ലാ റിയോജ ഗവർണർപദം അലങ്കരിച്ച ഇദ്ദേഹം 76ലെ പട്ടാള അട്ടിമറിയെത്തുടർന്ന് പിടിയിലാവുകയും അഞ്ചു വർഷം തടവിൽ കഴിയുകയും ചെയ്തു. ജയിൽമോചിതനായ ശേഷം തീപാറും പ്രസംഗങ്ങളിലൂടെ ജനപ്രിയനായി മാറി.
പ്രസിഡൻറ് പദവിയിലിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുൾപ്പെടെ ഉദാരീകരണ നയങ്ങൾ വഴി അമേരിക്കയുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും കൈയടി നേടി. പിൽകാലത്ത് അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ പ്രതിസന്ധികളിലേക്ക് രാജ്യത്തെ തള്ളിവിട്ടത് കാർലോസിെൻറ ആലോചനരഹിതമായ നയങ്ങളാണെന്ന പഴികേട്ടു. അധികാരത്തിൽ തിരിച്ചെത്തണമെന്ന് അതിയായി മോഹിച്ചിരുന്നുവെങ്കിലും നിയമക്കുരുക്കുകൾമൂലം പിന്നീട് അത് അസാധ്യമാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.