അഭ്യൂഹങ്ങൾക്ക് വിട; ഇമ്രാൻ ഖാൻ ജീവനോടെയുണ്ട്; കൂടികാഴ്ച നടത്തി സഹോദരി
text_fieldsഇമ്രാൻ ഖാൻ, സഹോദരി ഡോ. ഉസ്മ ഖാൻ
ലാഹോർ: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിച്ച് സഹോദരി ഡോ. ഉസ്മ ഖാൻ. കഴിഞ്ഞ ഒരാഴ്ചയോളമായി തുടരുന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ പ്രധാനമന്ത്രി ജീവനോടെയുണ്ടെന്ന സ്ഥിരീകരണവുമായി സഹോദരിയുടെ കൂടികാഴ്ചക്ക് ജയിൽ അധികൃതർ അവസരമൊരുക്കിയത്. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഡോ. ഉസ്മ ഖാൻ ഇമ്രാൻ ഖാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി പീഡിപ്പിക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.
ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രവർത്തകരുടെ ആശങ്കയകറ്റി ഇമ്രാൻ ജീവിച്ചിരിപ്പുണ്ടെന്ന വാർത്തയെത്തുന്നത്.
ഉസ്മ ഖാന് സന്ദർശനാനുമതി നൽകിയതോടെ നൂറുകണക്കിന് പി.ടി.ഐ പ്രവർത്തകരും ജയിലിന് പുറത്തെത്തി. മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് സഹോദരിയെ ജയിലിൽ പ്രവേശിക്കാൻ അനുവദിച്ചത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ കൂടികാഴ്ചക്ക് അവസരമൊരുങ്ങിയതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു. ആരുമായും ബന്ധപ്പെടാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും, തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് സർക്കാരെന്നും ഇമ്രാൻ പറഞ്ഞതായി സഹോദരി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 16നാണ് ഇമ്രാനെ കുടുംബാംഗങ്ങൾ അവസാനമായി കണ്ടത്. പിന്നീട് കൂടികാഴ്ചകൾക്ക് അവസരം നിഷേധിച്ചു. ഇമ്രാനും പുറംലോകവുമായുള്ള ബന്ധം കൂടി മുറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടതായി അഭ്യൂഹമുയർന്നത്. തുടർന്ന് റാവൽപിണ്ടിയിലെ ജയിലിന് പുറത്തും ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലും പി.ടി.ഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്. കഴിഞ്ഞയാഴ്ച ജയിലിന് പുറത്ത് ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചിരുന്നു. 2023 ആഗസ്റ്റിലാണ് ഇമ്രാൻ ഖാനെ ജയിലിൽ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

