അമേരിക്കയിലെ ബാറിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു; നാലു പേരുടെ നിലഗുരുതരം
text_fieldsസൗത്ത് കരോലിന: അമേരിക്കയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുടെ നിലഗുരുതരമാണ്.
സൗത്ത് കരോലിനയിലെ സെന്‍റ് ഹെലേന ദ്വീപിലെ ബാറിലാണ് വെടിവെപ്പ് നടന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിലാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം പേർ വെടിവെപ്പ് സമയത്ത് ബാറിൽ ഉണ്ടായിരുന്നു. വെടിവെപ്പിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്ക് ആളുകൾ ചിതറിയോടി.
അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംശയമുള്ളവരുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്.
വെടിവെപ്പിനെ അപലപിച്ച സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസ്, ഹൃദയഭേദകമെന്ന് എക്സിൽ കുറിച്ചു.
വില്ലീസ് ബാറിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇന്ന് നടന്നത്. 2022 നവംബറിൽ ഈ ബാറിൽ വെടിവെപ്പ് നടന്നിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ന്യൂയോർക്കിലെ സെൻട്രൽ മാൻഹട്ടനിലുണ്ടായ വെടിവെപ്പിൽ ബംഗ്ലാദേശ് വംശജനായ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർ കൊല്ലപ്പെട്ടിരുന്നു. 345 പാർക് അവന്യു എന്ന ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.
റൈഫിളുമായി കെട്ടിടത്തിൽ പ്രവേശിച്ച അക്രമി ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

