Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാൻസിൽ വീണ്ടും പ്രക്ഷോഭത്തിന് നീക്കം; സുരക്ഷ ശക്തമാക്കാൻ സൈന്യത്തെ വിന്യസിക്കും, വീഴ്ചകൾ സമ്മതിച്ച് സർക്കാർ

text_fields
bookmark_border
ഫ്രാൻസിൽ വീണ്ടും പ്രക്ഷോഭത്തിന് നീക്കം; സുരക്ഷ ശക്തമാക്കാൻ സൈന്യത്തെ വിന്യസിക്കും, വീഴ്ചകൾ സമ്മതിച്ച് സർക്കാർ
cancel
camera_alt

(ഫയൽ ചിത്രം)

പാരിസ്: ഫ്രാൻസിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് ഫ്രഞ്ച് സർക്കാർ. വരുന്ന ശനിയാഴ്ച നഗരങ്ങളിൽ നടക്കാനിരിക്കുന്ന പുതിയ പ്രക്ഷോഭങ്ങളെ നേരിടാൻ പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അറിയിച്ചു. പാരിസ്, മാഴ്സെ, ലിയോൺ തുടങ്ങി നിരവധി നഗരങ്ങളിൽ നടന്ന അക്രമസംഭവങ്ങൾക്കു പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.

വരും ദിവസങ്ങളിൽ സുരക്ഷാ സന്നാഹം അതിശക്തമായിരിക്കുമെന്നും നഗരകേന്ദ്രങ്ങളിൽ അക്രമവും കൊള്ളയും വ്യാപിക്കുന്നത് തടയുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് മുൻഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കലാപസമയത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായും പൊലീസിനെ ആവശ്യത്തിന് വിന്യസിച്ചില്ലെന്നും പ്രധാനമന്ത്രി സമ്മതിച്ചു. പൊലീസുകാരുടെ അവധി റദ്ദാക്കാതിരുന്നതും അധികൃതർക്ക് സംഭവിച്ച പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന വിമർശനം ശക്തമായതോടെ സുരക്ഷാ നടപടികൾ പുനഃപരിശോധിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കലാപത്തെത്തുടർന്ന് പാരിസ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ നീട്ടിയതായി പൊലീസ് അറിയിച്ചു. നഗരമധ്യങ്ങൾ സുരക്ഷിതമാക്കുന്നതിൽ വീഴ്ച പറ്റിയെന്ന വ്യാപകമായ വിമർശനങ്ങളെത്തുടർന്ന് തന്ത്രങ്ങൾ പൊളിച്ചെഴുതുമെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. പിഴവുകൾക്ക് ആഭ്യന്തര മന്ത്രി പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

അക്രമങ്ങൾക്ക് പിന്നിൽ തീവ്ര ഇടതുപക്ഷ സംഘങ്ങളാണെന്നാണ് പ്രധാനമന്ത്രി ലെകോർണുവിന്റെ ആരോപണം. എന്നാൽ, ഉയരുന്ന ജീവിതച്ചെലവും പൊതുസേവനങ്ങളുടെ നിലവാരത്തകർച്ചയും ജനങ്ങളിൽ സൃഷ്ടിച്ച രോഷം സർക്കാർ കുറച്ചുകണ്ടുവെന്നാണ് വിമർശകരുടെ നിലപാട്. വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഫ്രാൻസിലെ പ്രധാന വിദ്യാർഥി സംഘടനയായ യു.എൻ.ഇ.എഫാണ് വിദ്യാഭ്യാസ സംവിധാനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

അതേസമയം പ്രതിഷേധങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പാർലമെന്റ് അന്വേഷണ കമീഷനെ നിയോഗിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ ലിമോസ് നഗരത്തിലെ ചരിത്രപ്രധാനമായ ടൗൺ ഹാളിന് തീവെച്ച സംഭവത്തിൽ സുരക്ഷാ നിരീക്ഷണ പട്ടികയിലുണ്ടായിരുന്ന തീവ്ര ഇടതുപക്ഷക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇറ്റലിയിലും സമാനമായ രീതിയിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിലാൻ ഉൾപ്പെടെയുള്ള വടക്കൻ ഇറ്റാലിയൻ നഗരങ്ങളിലും കഴിഞ്ഞ വാരാന്ത്യത്തിൽ കലാപങ്ങൾ നടന്നിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നയിക്കപ്പെടുന്ന ഇത്തരം പുതിയ രീതിയിലുള്ള അക്രമങ്ങൾ 'ഹൈബ്രിഡ് യുദ്ധം' പോലെയാണെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ വിശേഷിപ്പിച്ചു. അൽബേനിയയിലും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ യൂറോപ്പിലാകെ ജീവിതച്ചെലവ്, പൊതുസേവനങ്ങൾ, രാഷ്ട്രീയ നേതൃത്വത്തോടുള്ള അതൃപ്തി തുടങ്ങിയ വിഷയങ്ങൾ ജനരോഷത്തിന് കാരണമാകുന്നുവെന്ന ആശങ്ക ശക്തമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - France to deploy troops, admits to failures over weekend unrest
Next Story