ഫ്രെഡറിക് മെർസ് ജർമൻ ചാൻസലർ
text_fieldsബർലിൻ: ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ നേതാവായ ഫ്രെഡറിക് മെർസ് ജർമനിയുടെ അടുത്ത ചാൻസലർ. സ്ഥാനമൊഴിയുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒലാഫ് ഷോൾസിന് പകരമാണ് അദ്ദേഹം പദവിയിലെത്തുന്നത്. രണ്ടാം ലോക യുദ്ധത്തിനുശേഷം ജർമനിയുടെ ചാൻസലർ പദവി അലങ്കരിക്കുന്ന പത്താമത്തെ വ്യക്തിയാണ് അറുപത്തൊമ്പതുകാരനായ മെർസ്.
ചാൻസലർ സ്ഥാനത്തേക്ക് ചൊവ്വാഴ്ച ജർമൻ പാർലമെന്റിൽ നടന്ന രണ്ടാം വട്ട വോട്ടെടുപ്പിലാണ് ഫ്രെഡറിക് മെർസ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ റൗണ്ടിൽ ചരിത്രപരമായ തോൽവി ഏറ്റുവാങ്ങിയതോടെ മണിക്കൂറുകൾക്ക് ശേഷം വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം വട്ടത്തിൽ 630 പാർലമെന്റ് അംഗങ്ങളിൽ 325 പേർ മെർസിന് അനുകൂലമായി വോട്ട് ചെയ്തു.
കേവല ഭൂരിപക്ഷം ലഭിക്കാൻ 316 വോട്ടുകൾ ആവശ്യമായിരിക്കെ ആദ്യ വട്ട വോട്ടെടുപ്പിൽ ആറ് വോട്ടുകളുടെ നഷ്ടത്തിലാണ് പരാജയപ്പെട്ടത്. രഹസ്യ ബാലറ്റിലാണ് അംഗങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ച ആദ്യ വട്ട വോട്ടെടുപ്പിലാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്.
76 വർഷങ്ങൾക്കു ശേഷം ചാൻസലർ വോട്ടെടുപ്പിൽ ആദ്യമായാണ് സ്ഥാനാർഥി തോൽക്കുന്നത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ–സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സഖ്യത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും 18 അംഗങ്ങൾ ആദ്യവട്ട വോട്ടെടുപ്പിൽ മെർസിന് എതിരെ വോട്ട് ചെയ്തെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.