Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്പിൽ സമരങ്ങളിലെല്ലാം ഫലസ്തീൻ പതാക; ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കഫിയ്യയും

text_fields
bookmark_border
യൂറോപ്പിൽ സമരങ്ങളിലെല്ലാം ഫലസ്തീൻ പതാക; ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കഫിയ്യയും
cancel

ലണ്ടൻ: പാരീസ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസം, ഭവന പ്രതിസന്ധി, വിലക്കയറ്റം എന്നിവക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ ഫലസ്തീൻ പതാകയും കഫിയ്യയും ശ്രദ്ധേയ സാന്നിധ്യമാകുന്നു. വിവിധ രാജ്യങ്ങളിൽ നടക്കുന്ന വിദ്യാർഥി സമരങ്ങളിലും തൊഴിലാളി പ്രതിഷേധങ്ങളിലും കുടിയേറ്റവിരുദ്ധ വംശീയതക്കെതിരായ റാലികളിലും ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് പ്രതിഷേധക്കാർ.

കേവലം ഒരു പ്രാദേശിക രാഷ്ട്രീയ വിഷയമെന്നതിലുപരി, യൂറോപ്പിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ആഗോള പ്രതീകമായാണ് പ്രക്ഷോഭകർ ഫലസ്തീൻ അടയാളങ്ങളെ ഏറ്റെടുത്തിരിക്കുന്നത്. ബെൽജിയം, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രതിഷേധങ്ങളിലാണ് ഈ പ്രവണത കൂടുതൽ പ്രകടമാകുന്നത്. സ്പെയിനിലെ ഭവന പ്രതിസന്ധിക്കെതിരായ സമരങ്ങൾ, ഫ്രാൻസിലെ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾ, ബെൽജിയത്തിലെ തൊഴിലാളി യൂണിയൻ റാലികൾ എന്നിവയിലെല്ലാം ഫലസ്തീൻ പതാകകൾ വ്യാപകമായി ഉയർത്തപ്പെടുന്നുണ്ട്.

യൂറോപ്പിലെ ചില രാഷ്ട്രീയ നേതാക്കളും ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകങ്ങൾ പരസ്യമായി ഉപയോഗിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വർണവിവേചനവിരുദ്ധ പോരാട്ടത്തിന്റെ നേതാവായിരുന്ന നെൽസൺ മണ്ടേല 1990ൽ കഫിയ്യ ധരിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. 2006ൽ സ്പെയിനിലെ അന്നത്തെ പ്രധാനമന്ത്രി ഹോസെ ലൂയിസ് റോഡ്രിഗസ് സപതേരോയും ഒരു യുവ ഫലസ്തീനിയൻ കഴുത്തിൽ അണിയിച്ച കഫിയ്യ അൽപസമയം ധരിച്ചിരുന്നു.

ഇറ്റലിയിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗം മരിയോ ഫ്യൂറോറെയും ഫലസ്തീൻ പതാക ഉയർത്തുന്നതിനെ പിന്തുണച്ചു. ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ സർക്കാരും അധിനിവേശ വെസ്റ്റ് ബാങ്കിൽ തുടരുന്ന ആക്രമണങ്ങളും നിലനിൽക്കെ ഒരു പൗരൻ ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എന്നാൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഫലസ്തീൻ പതാകക്കും ഐക്യദാർഢ്യ പ്രതിഷേധങ്ങൾക്കും ഒരേ സ്വീകാര്യതയല്ല ലഭിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അൽബേനിയയിൽ അഴിമതിക്കെതിരായ പ്രതിഷേധങ്ങളിൽ ഫലസ്തീൻ പതാക ഉയർത്തുകയും കഫിയ്യ ധരിക്കുകയും ചെയ്യുന്നവർ കുറവാണെന്ന് എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാറ്റോസ് ലുബോൻജ പറയുന്നു. കഴിഞ്ഞ നാലുമാസമായി നടക്കുന്ന പ്രതിഷേധങ്ങളിൽ താൻ ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് ഇത്തരം പ്രതീകങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ പ്രവണതയോട് ഭിന്നമായ നിരീക്ഷണങ്ങളും ആഗോളതലത്തിൽ ഉയർന്നുവരുന്നുണ്ട്. യൂറോപ്പിലെ ആഭ്യന്തര സമരങ്ങളിൽ ഫലസ്തീൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്, ഫലസ്തീൻ ജനത അനുഭവിക്കുന്ന യഥാർത്ഥ ദുരന്തത്തിന്റെ വ്യാപ്തിയെയും അവരുടെ പ്രാഥമിക അതിജീവന പോരാട്ടത്തെയും ലഘൂകരിച്ചു കാണിക്കാൻ ഇടയാക്കുമെന്ന് പ്രമുഖ പശ്ചിമേഷ്യൻ നിരീക്ഷകരും മാധ്യമപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.

തങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ഫലസ്തീനികൾ നടത്തുന്ന പോരാട്ടത്തെ, യൂറോപ്പിലെ മറ്റ് രാഷ്ട്രീയ-സാമൂഹിക അജണ്ടകളുമായി കൂട്ടിക്കലർത്തുന്നത് വിഷയത്തിന്റെ ഗൗരവം കുറക്കുമെന്നാണ് ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകരുടെ വിലയിരുത്തൽ. എങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഫലസ്തീൻ വിഷയത്തിന് ലഭിക്കുന്ന ആഗോള ശ്രദ്ധയുടെ പ്രതിഫലനമാണ് യൂറോപ്യൻ തെരുവുകളിൽ കാണുന്നതെന്ന് ഇടതുപക്ഷ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - From education to housing protests, Palestine’s flag spreads across Europe
Next Story