‘നിലവിലെ സംവിധാനത്തിൽ സാരമായ കുഴപ്പം'; തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ
text_fieldsബോസ്റ്റൺ (യു.എസ്): തെരഞ്ഞെടുപ്പ് കമീഷൻ വിട്ടുവീഴ്ച ചെയ്തെന്നും നിലവിലെ സംവിധാനത്തിൽ സാരമായ കുഴപ്പമുണ്ടെന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. അമേരിക്കയിലെത്തിയ രാഹുൽ ബോസ്റ്റണിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ലളിതമായി പറഞ്ഞാൽ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ പേർ വോട്ട് ചെയ്തു. അതിന്റെ കണക്കും രാഹുൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ വൈകുന്നേരം 5.30ന് വോട്ടിങ് കണക്ക് നൽകി. പിന്നീട് 7.30ന് നൽകിയ കണക്കിൽ രണ്ട് മണിക്കൂറിനിടെ 65 ലക്ഷം പേർ വോട്ട് ചെയ്തതായി പറയുന്നു. ഇത് അസാധ്യമാണ്. ഒരാൾ വോട്ട് ചെയ്യാൻ മൂന്ന് മിനിറ്റെടുക്കും. അങ്ങനെയെങ്കിൽ ഇത്രയും പേർ വോട്ട് ചെയ്യാൻ പുലർച്ച രണ്ടുവരെ വരിനിൽക്കണം. പക്ഷേ, ഇവിടെ അത് സംഭവിച്ചില്ലെന്ന് രാഹുൽ പറഞ്ഞു.
ഞങ്ങൾ കമീഷനോട് വോട്ടെടുപ്പിന്റെ വിഡിയോ ആവശ്യപ്പെട്ടു. അവർ തരാൻ തയാറായില്ലെന്ന് മാത്രമല്ല, വിഡിയോ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അനുവാദമില്ലാത്ത വിധം നിയമവും മാറ്റി. തെരഞ്ഞെടുപ്പ് കമീഷൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. കൂടാതെ സംവിധാനങ്ങളിൽ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഇത് ഞാൻ പലതവണ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച യു.എസിൽ എത്തിയ ശേഷം, രാഹുൽ ഗാന്ധി വ്യവസായികളുമായും മറ്റ് പ്രമുഖരുമായും ആശയവിനിമയം തുടങ്ങി. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർഥികളുമായും സംവദിക്കും.
രാഹുൽ രാജ്യദ്രോഹി -ബി.ജെ.പി
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യദ്രോഹിയെന്ന് ബി.ജെ.പി. തനിക്കും അമ്മ സോണിയക്കുമെതിരെ ഇ.ഡി നടപടിയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിന്റെ നീക്കമെന്ന് ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്ര പറഞ്ഞു. യു.എസ് വൈസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയ സമയത്ത് രാജ്യത്തെയും ജനാധിപത്യത്തെയും അവഹേളിക്കാൻ രാഹുൽ യു.എസിൽ പോയത് വിരോധാഭാസമാണ്.
ഇതാദ്യമായല്ല വിദേശ മണ്ണിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നത്. രാഹുൽ രാജ്യദ്രോഹിയാണെന്നും സാംബിത് പത്ര പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികളിൽ നിരാശനായ രാഹുൽ ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. രാഹുലിനെയും അമ്മ സോണിയയെയും വെറുതെ വിടില്ല. ചെയ്ത കുറ്റത്തിന് കൃത്യമായ ശിക്ഷ ഉറപ്പാക്കി ജയിലിലയക്കുമെന്ന് സാംബിത് പത്ര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.