ട്രംപില്ലാതെ ജി20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കം
text_fieldsജൊഹാനസ്ബർഗിൽ ജി20 ഉച്ചകോടിയിൽ സംബന്ധിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ
മന്ത്രി എസ്. ജയ്ശങ്കർ സമീപം
ജൊഹാനസ്ബർഗ്: ആഫ്രിക്കൻ വൻകരയിൽ ആദ്യമായി നടക്കുന്ന ജി20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാനസ്ബർഗിൽ തുടക്കം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹിഷ്കരിച്ച ഉച്ചകോടിയിൽ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പുരോഗതി കൈവരിക്കുകയെന്നതാണ് അജണ്ട. ദക്ഷിണാഫ്രിക്ക വെള്ളക്കാരോട് വംശീയത കാണിക്കുന്നെന്നും വെള്ളക്കാരായ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ട്രംപ് ഉച്ചകോടി ബഹിഷ്കരിച്ചത്.
ആതിഥേയരായ ദക്ഷിണാഫ്രിക്ക നിശ്ചയിച്ച മുൻഗണനകളിൽ ചില സമവായം കണ്ടെത്താൻ ശ്രമിക്കുന്നതിനായി നെൽസൺ മണ്ടേലയുടെ താമസസ്ഥലമായിരുന്ന സോവെറ്റോ ടൗൺഷിപ്പിന് സമീപം അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടി. കാലാവസ്ഥാ വ്യതിയാനത്തിലടക്കം ദക്ഷിണാഫ്രിക്കയുടെ മുൻഗണനകളെ യു.എസ് എതിർത്തിരുന്നു. ഫെബ്രുവരിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽനിന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ വിട്ടുനിന്നിരുന്നു. വർധിച്ചുവരുന്ന ആഗോള അസമത്വത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക പല പരിഗണന വിഷയങ്ങളും മുന്നോട്ടുവെച്ചത്. ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥ ദുരന്തങ്ങളിൽനിന്ന് കരകയറാനും വിദേശ കടബാധ്യത കുറക്കാനും ഹരിത ഊർജ സ്രോതസ്സുകളിലേക്ക് മാറാനും സ്വന്തം ധാതുസമ്പത്ത് ഉപയോഗപ്പെടുത്താനും കൂടുതൽ സഹായം നൽകാൻ മറ്റ് ജി20 നേതാക്കൾ സമ്മതിക്കണമെന്നാണ് ആതിഥേയരുടെ ആവശ്യം.
ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കാത്തതിൽ ഖേദമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉച്ചകോടിയുടെ അവസാനം നടക്കുന്ന സംയുക്ത പ്രഖ്യാപനം നടത്തരുതെന്ന് യു.എസിന്റെ സമ്മർദമുണ്ട്. അടുത്ത തവണ ഫ്ലോറിഡയിലാണ് ഉച്ചകോടി എന്നതിനാൽ ദക്ഷിണാഫ്രിക്കയിലെ യു.എസ് എംബസി പ്രതിനിധി അവസാനം നടക്കുന്ന അധ്യക്ഷ പദവി കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും. യൂറോപ്യൻ യൂനിയനും ആഫ്രിക്കൻ യൂനിയനും ഉൾപ്പെടെ 19 രാജ്യങ്ങൾ ഉൾപ്പെടുന്ന 21 അംഗങ്ങളുടെ കൂട്ടായ്മയാണ് ജി20. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പ്രധാനന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്.
മയക്കുമരുന്ന്-ഭീകരവാദ സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്തണമെന്ന് മോദി
ജൊഹാനസ്ബർഗ്: ലോകത്തെ വികസന മാനദണ്ഡങ്ങളെക്കുറിച്ച് മാറിച്ചിന്തിക്കണമെന്നും മയക്കുമരുന്ന്-ഭീകരവാദ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ആരോഗ്യസംബന്ധമായ അടിയന്തര ഘട്ടങ്ങളിലും പ്രകൃതി ദുരന്ത സമയത്തും സേവനത്തിനായി ആരോഗ്യ വിദഗ്ധരുടെ സംഘം രൂപവത്കരിക്കണമെന്നും ജി20 നേതാക്കളുടെ യോഗത്തിന്റെ ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജി20യുടെ കീഴിൽ ആഗോള പരമ്പരാഗത വിജ്ഞാന ശേഖരം വേണമെന്നും മോദി നിർദേശിച്ചു. മയക്കുമരുന്ന് കടത്തിന്റെ വെല്ലുവിളിക്കെതിരെ മയക്കുമരുന്നും ഭീകരവാദവുമായുള്ള ബന്ധത്തെ നേരിടുന്നതിനുള്ള സംവിധാനം വേണം. പരമ്പരാഗത വിജ്ഞാനത്തിൽ ഇന്ത്യക്ക് സമ്പന്നമായ ചരിത്രമുണ്ടെന്നും ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിന് നമ്മുടെ അറിവുകൾ കൈമാറാൻ പുതിയ സംവിധാനം സഹായിക്കുമെന്നും മോദി പിന്നീട് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

