ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് പദ്ധതി' വെട്ടാൻ ജി7
text_fieldsജി-7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ഫോട്ടോക്ക് പോസ് ചെയ്യുന്നു
ലണ്ടൻ: ലക്ഷക്കണക്കിന് കോടി ഡോളർ മുടക്കുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ മറികടക്കാൻ അടുത്ത അഞ്ചു വർഷത്തിനിടെ 60,000 കോടി ഡോളർ സ്വരൂപിച്ച് വികസ്വര, ദരിദ്ര രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താൻ ജി7 ഉച്ചകോടി തീരുമാനം. 'ആഗോള അടിസ്ഥാന സൗകര്യവും നിക്ഷേപവും' എന്നു പേരിട്ട പദ്ധതി യു.എസ് പ്രസിഡന്റ് ജോ ബൈഡനും മറ്റു ജി7 നേതാക്കളും ചേർന്നാണ് വീണ്ടും അവതരിപ്പിച്ചത്.
ഗ്രാന്റുകൾ, ഫെഡറൽ ഫണ്ടുകൾ, സ്വകാര്യ നിക്ഷേപം എന്നിവ വഴി യു.എസ് മാത്രം 20,000 കോടി ഡോളർ സ്വരൂപിക്കുമെന്ന് ബൈഡൻ പറഞ്ഞു. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നും തുക സമാഹരിക്കും. ഇത് ദാനധർമമല്ലെന്നും നിക്ഷേപിച്ച തുക ഓരോരുത്തർക്കും തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പ് 30,000 കോടി ഡോളർ ഇതിനായി സമാഹരിക്കുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡർ ലെയൻ പറഞ്ഞു. ലക്ഷക്കണക്കിന് കോടി രൂപ മുടക്കിലാണ് ചൈന അടിസ്ഥാന സൗകര്യ വികസനത്തിനായി ബെൽറ്റ് ആൻഡ് റോഡ് നടപ്പാക്കുന്നത്. ഏഷ്യയെ യൂറോപ്പുമായി ചേർത്തുനിർത്തുന്ന ബഹുമുഖ പദ്ധതിയാണിത്.
ശൈത്യത്തിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കണം -സെലൻസ്കി
എൽമൗ (ജർമനി): ശൈത്യകാലത്തിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ജി-7 രാഷ്ട്രനേതാക്കളോടഭ്യർഥിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ജി-7 ഉച്ചകോടിയെ വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായി വിലപേശലിനുള്ള സാഹചര്യമല്ല നിലവിലുള്ളത്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച്, ശേഷം മതി ചർച്ചകളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സാമ്പത്തികവും സൈനികവും ധനപരവുമായ സഹായം രാജ്യത്തിന് ആവശ്യമുണ്ടെന്നും സെലൻസ്കി പറഞ്ഞു.
എത്രകാലമെടുത്താലും യുയുക്രെയ്നോടുള്ള പ്രതിബദ്ധത തുടരുമെന്ന് ജി-7 രാഷ്ട്രനേതാക്കൾ അറിയിച്ചു. റഷ്യൻ ഇന്ധനത്തിന് വിലപരിധി നിർണയിക്കുന്നതും റഷ്യൻ ചരക്കുകൾക്ക് തീരുവ കൂട്ടുന്നതും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതുമടക്കം റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള നടപടികൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. അധിനിവേശത്തിന് തടയിടാൻ കിയവിന് അത്യാധുനിക ഭൂതല-വ്യോമ മിസൈൽ സംവിധാനം നൽകുന്നത് പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.