ഗസ്സ വെടിനിർത്തൽ കരാർ: പ്രതികരണം വെള്ളിയാഴ്ചയോടെയെന്ന് ഇസ്രായേൽ
text_fieldsനെതന്യാഹു
തെൽ അവിവ്: ഹമാസ് അംഗീകരിച്ച ഗസ്സ വെടിനിർത്തൽ കരാറിൽ വെള്ളിയാഴ്ചയോടെ പ്രതികരിക്കാമെന്ന് ഇസ്രായേൽ. ഖത്തറും ഈജിപ്തും യു.എസും മധ്യസ്ഥരായുള്ള വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കാൻ ശക്തമായ ആഗോള സമ്മർദം പരിഗണിച്ചാണ് പുതിയ നീക്കം. 62,000 കടന്ന് ഇസ്രായേൽ കുരുതി തുടരുന്ന ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങൾ 90 ശതമാനത്തിലേറെയും ഇസ്രായേൽ നാമാവശേഷമാക്കിയിട്ടുണ്ട്.
ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന ഗസ്സ സിറ്റിയും തരിപ്പണമാക്കി പിടിച്ചെടുക്കാൻ നീക്കങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് അവസാനവട്ട വെടിനിർത്തൽ ശ്രമം. 60 നാൾ താൽക്കാലിക വെടിനിർത്തൽ കരാർ പ്രകാരം ജീവനോടെയുള്ള ബന്ദികളിൽ പകുതിയും 18 മൃതദേഹങ്ങളും ഘട്ടംഘട്ടമായി വിട്ടുകൊടുക്കും. നൂറുകണക്കിന് ഫലസ്തീനി തടവുകാരെയും മോചിപ്പിക്കും. നേരത്തേ യു.എസ് പ്രതിനിധി വിറ്റ്കോഫ് അവതരിപ്പിച്ചതിന് സമാനമായ നിർദേശങ്ങളാണ് പുതിയ കരാറിലുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ തീരുന്ന മുറക്ക് ശാശ്വത യുദ്ധവിരാമ ചർച്ചകളും നടക്കും.
വെടിനിർത്തലിന് പകരം ഗസ്സ സമ്പൂർണമായി പിടിച്ചടക്കുകയും ഫലസ്തീനികളെ നാടുകടത്തുകയും ചെയ്യലാണ് നിലവിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ലക്ഷ്യമിടുന്നത്. ബന്ദി മോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേൽ തലസ്ഥാനത്ത് നടന്ന കൂറ്റൻ റാലിയിൽ ലക്ഷങ്ങൾ അണിനിരന്നിരുന്നു. ഗസ്സയിൽ ഇപ്പോഴും തുടരുന്ന കുരുതിയിൽ 24 മണിക്കൂറിനിടെ 60 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 343 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ഗസ്സയിലേക്ക് ഭക്ഷണവുമായി കപ്പൽ ഇസ്രായേൽ തുറമുഖത്തിനരികെയെത്തി. 52 കണ്ടെയ്നറുകളിലായി 1200 ടൺ ഭക്ഷണം കയറ്റി സൈപ്രസിൽനിന്ന് പുറപ്പെട്ട കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്താണ് എത്തുക. യു.എ.ഇ, ഇറ്റലി, മാൾട്ട, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ ഇറക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.