ഗസ്സ വംശഹത്യ: 60,000 പിന്നിട്ട് മരണം; 10 ലക്ഷം ഫലസ്തീനികൾ കൊടുംപട്ടിണിയിലാണ്
text_fieldsഗസ്സ സിറ്റി: ലോകമൊട്ടുക്കും പ്രതിഷേധത്തിനിടെ 662 നാൾ പിന്നിട്ടും വംശഹത്യ തുടരുന്ന ഇസ്രായേൽ ഗസ്സയിൽ കൊന്നുതീർത്തത് 60,000ത്തിലേറെ ഫലസ്തീനികളെ. ഓരോ ദിനവും ശരാശരി 36 പേർ എന്ന തോതിൽ 60,034 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ കൊടുംപട്ടിണിയുടെ പരകോടിയിലാകുകയും 88 കുട്ടികളടക്കം 147 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതിനിടെയാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച് ഇസ്രായേൽ നരഹത്യ തുടരുന്നത്.
ഭക്ഷണത്തിനായി വരിനിന്ന 19 പേരടക്കം 62 പേർ ഇന്നലെയും കൊല്ലപ്പെട്ടു. 637 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഫയിലെ ഭക്ഷ്യ കേന്ദ്രത്തിൽ കാത്തുനിന്നവർക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 11 പേരും അഭയാർഥികൾ തിങ്ങിക്കഴിയുന്ന അൽമവാസിയിലെ ക്യാമ്പിനുമേൽ ബോംബുവർഷത്തിൽ നാലുപേരും കൊല്ലപ്പെട്ടു.
10 ലക്ഷം ഫലസ്തീനികൾ നിലവിൽ ഗസ്സയിൽ കൊടുംപട്ടിണിയിലാണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണെന്നും യു.എൻ അനുബന്ധ പട്ടിണി നിർണയ സംഘടനയായ ഐ.പി.സി റിപ്പോർട്ട് പറയുന്നു.
അതിനിടെ, ഗസ്സയിൽ നിർദിഷ്ട സമാധാന പദ്ധതി ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. ഇസ്രായേലിനു മേൽ സമ്മർദം ശക്തമാക്കുന്നതിന് ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാൻ സമ്മർദം ശക്തമാകുന്നതിനിടെയാണ് യോഗം. ഫലസ്തീനെ അംഗീകരിക്കുമെന്നും ഗസ്സയിൽ ഭക്ഷ്യ വസ്തുക്കൾ വ്യോമമാർഗം എത്തിച്ചുനൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.