'ഗസ്സ ബോർഡ് ഓഫ് പീസ്' അംഗമായ ശതകോടീശ്വരൻ ഇസ്രായേൽ അനുകൂല സംഘടനയ്ക്ക് വൻതുക സംഭാവന നൽകി
text_fieldsമാർക്ക് റോവൻ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഗസ്സ ബോർഡ് ഓഫ് പീസ്' എക്സിക്യൂട്ടീവ് അംഗവും സ്വകാര്യ ഇക്വിറ്റി ഭീമനായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ സിഇഒയുമായ ശതകോടീശ്വരൻ മാർക്ക് റോവൻ, ഇസ്രായേൽ അനുകൂല ലോബിയായ ഐപാക്കുമായി ബന്ധപ്പെട്ട സൂപ്പർ പി.എ.സിക്ക് 15 ലക്ഷം ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട്. യുഎസ് ഫെഡറൽ ഇലക്ഷൻ കമ്മീഷൻ (എഫ്.ഇ.സി) രേഖകളെ ഉദ്ധരിച്ച് അന്വേഷണാത്മക വാർത്താ പോർട്ടലായ 'ദി ഇന്റർസെപ്റ്റ്' ആണ് ഈ വിവരം പുറത്തുവിട്ടത്.
എഫ്.ഇ.സി രേഖകൾ പ്രകാരം, ഐപാക്കിന്റെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയായ യുണൈറ്റഡ് ഡെമോക്രസി പ്രോജക്റ്റിന് (യു.ഡി.പി) മാർച്ച് ആദ്യവാരം 10 ലക്ഷം ഡോളറും ജൂലൈ 23-ന് 5 ലക്ഷം ഡോളറുമാണ് റോവൻ കൈമാറിയത്. ഫലസ്തീൻ അനുകൂല നിലപാടുള്ള മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൽ അൽ സയ്യിദിനെ തോൽപ്പിക്കാൻ ഈ സംഘടന ലക്ഷക്കണക്കിന് ഡോളർ പരസ്യങ്ങൾക്കായി ചെലവഴിച്ച അതേ ദിവസമാണ് രണ്ടാമത്തെ സംഭാവന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
800 കോടിയിലധികം ഡോളർ ആസ്തിയുള്ള മാർക്ക് റോവൻ, യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയുടെ പുനർനിർമാണവും രാഷ്ട്രീയ ഭാവിയും തീരുമാനിക്കാൻ ട്രംപ് ഭരണകൂടം രൂപീകരിച്ച സമിതിയിലെ പ്രധാന അംഗമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സമിതിയുടെ യോഗത്തിൽ ഗസ്സയുടെ വികസന സാധ്യതകളെക്കുറിച്ച് സംസാരിച്ച റോവൻ, അവിടുത്തെ കടൽത്തീരത്തിന് മാത്രം 5000 കോടി ഡോളറിന്റെയും ഭവന നിർമാണ പദ്ധതികൾക്ക് 3000 കോടി ഡോളറിന്റെയും മൂല്യമുണ്ടെന്ന് കണക്കാക്കിയിരുന്നു.
ഗസ്സയുടെ ഭാവി തീരുമാനിക്കുന്ന സമിതിയിലെ ഉന്നത അംഗം തന്നെ, യുഎസിൽ ഫലസ്തീൻ അനുകൂല സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പണമൊഴുക്കുന്ന ഇസ്രായേൽ അനുകൂല ലോബിക്ക് വൻതുക നൽകുന്നത് ഗുരുതരമായ താൽപ്പര്യ വൈരുദ്ധ്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ വോട്ടർമാരോ ഫലസ്തീൻ ജനതയോ തിരഞ്ഞെടുക്കാത്ത വ്യക്തികൾക്ക് ഗസ്സയുടെ വിഭവങ്ങളും രാഷ്ട്രീയ ഭാവിയും തീറെഴുതിക്കൊടുക്കുന്നത് ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് 'ഡെമോക്രസി ഫോർ ദ അറബ് വേൾഡ് നൗ' ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

