ഗസ്സ അതിജീവിക്കും, ലോകത്തിനു വേണ്ടി
text_fieldsവെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഗസ്സയിലെ ഖാൻ യൂനുസിൽ ആഹ്ലാദപ്രകടനം നടത്തുന്ന ഫലസ്തീനികൾ
ഗസ്സയും ഹമാസും പുതിയ ശാന്തതയിൽ വീണ്ടും ഉയിർത്തെഴുന്നേറ്റാൽ മറ്റൊരു ഇൻതിഫാദയുടെ ഭീതി സയണിസ്റ്റ് തീവ്രവാദികൾക്കുണ്ട്. യുദ്ധവിരാമ ശാന്തതയിൽ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയടക്കം കൊന്നുമുടിച്ചതിന് അന്താരാഷ്ട്ര കോടതി കയറേണ്ടി വരുമെന്ന ഭീതി നെതന്യാഹുവിനുണ്ട്.
യുദ്ധവിരാമമായി എന്ന വാർത്ത പൊട്ടിവിടർന്ന ബുധനാഴ്ച പാതിരാവിൽ ഗസ്സ എന്ന, ലോകത്തെ ഏറ്റവും വലിയ ശ്മശാനനഗരത്തിലെ അവശേഷിക്കുന്ന മനുഷ്യത്തുരുത്തുകളിലൊന്നായ ദൈറുൽ ബലഹിലെ അൽഅഖ്സ ആശുപത്രി മുറ്റത്തിരുന്ന് മഹാ ഹുസൈനി കുറിച്ചു: ‘‘വാസ്തവത്തിൽ ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഞങ്ങൾ അതിജീവിച്ചത്.’’ രൂക്ഷമായ ബോംബിങ്ങിനിരയായ അൽഅഖ്സ ആശുപത്രിയിൽ അവശേഷിക്കുന്ന ആബാലവൃദ്ധം രോഗികളും ജീവനക്കാരും പാതിരാവിൽ യുദ്ധവിരാമപ്രഖ്യാപനത്തിനു ചെവിയോർത്തു നിൽക്കുകയായിരുന്നു അപ്പോൾ. സ്വന്തം ജീവിതത്തിലേക്കുതന്നെ അവിശ്വസനീയതയോടെ തിരിഞ്ഞുനിന്നുള്ള അവരുടെ ആ ആത്മഗതത്തിന് നാനാർഥങ്ങളുണ്ടായിരുന്നു.
ഗസ്സയിലെ ആഘോഷരാവ്
അര ലക്ഷം പേരെ കൊന്നുമുടിച്ച ഇസ്രായേലിന്റെ വംശീയയുദ്ധത്തിനു വിരാമമാകുമ്പോൾ ഗസ്സയിൽ കാണുന്ന ജയാഘോഷം ലോകത്തിനൊരു വിസ്മയക്കാഴ്ചതന്നെ. ഇസ്രായേലും അമേരിക്കയും അവരുടെ കങ്കാണിമാരും മനുഷ്യത്വത്തിന് കൂട്ടക്കുഴിമാടങ്ങൾ തീർത്ത ആ ചുടലപ്പറമ്പിൽനിന്ന് ഇങ്ങനെയൊരു വിജയാരവമെങ്ങനെ എന്ന് അതിശയംകൂറുകയാണ് എല്ലാവരും. യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻറൈറ്റ്സ് മോണിറ്ററിന്റെ സ്ട്രാറ്റജി ഡയറക്ടറും അവാർഡ് ജേത്രിയായ മാധ്യമപ്രവർത്തകയുമായ മഹാ ഹുസൈനി 15 മാസം മുമ്പ് ഇസ്രായേൽ യുദ്ധം തുടങ്ങിയതു മുതൽ ഗസ്സയിലെ അത്ഭുതക്കാഴ്ചകളിലൊന്നാണ്.
ബോംബർ വിമാനങ്ങളുടെ ഇരമ്പം മുതൽ ആക്രമണ ശേഷമുള്ള സംഭവസ്ഥലത്തെയും ആശുപത്രിയിലെയും കാഴ്ചകളും വിഡിയോ വഴിയും ടെക്സ്റ്റുകളായും വിവിധ മാധ്യമങ്ങളിലൂടെ അവർ നിരന്തരം ലോകത്തിന് എത്തിച്ചുകൊണ്ടിരുന്നു. നാലുപാടും ഇസ്രായേൽ തകർത്തെറിഞ്ഞ സ്വന്തം പ്രദേശത്തെ അയൽക്കാരുടെ ഒറ്റമുറികളിലിരുന്ന് അവർ വാർത്തകൾ അയച്ചു. വൈദ്യുതിയില്ലാതെ സെൽഫോണിന്റെ മിടിപ്പ് നിലക്കാറാകുമ്പോൾ മരിച്ചില്ലെങ്കിൽ വഴിയെ കാണാം എന്നു പറഞ്ഞ് അവർ ഇടക്കിടെ വിടചൊല്ലിക്കൊണ്ടിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ഗസ്സക്കാരിലൊരുവളായി പലായനത്തിനിറങ്ങുമ്പോൾ വഴിമധ്യേ ബോംബിങ്ങിന്റെ ഇരകളിലൊന്നായി വാർത്തയും വർത്തമാനവും നിലച്ചാൽ തനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അവർ ഓർമിപ്പിച്ചു. എല്ലാ ദുരിതപർവവും താണ്ടി ബുധനാഴ്ച പാതിരാവിൽ അൽഅഖ്സ ആശുപത്രിയിലെ ആഘോഷം റിപ്പോർട്ടു ചെയ്യുമ്പോൾ മഹാ സ്വയം വിശ്വസിപ്പിക്കാൻ നടത്തുന്ന ശ്രമംകൂടിയായിരുന്നു ‘എക്സി’ലെ മേൽപറഞ്ഞ പോസ്റ്റ്.
ആ ജയാരവത്തിന്റെ ആയുസ്സെത്ര?
ഫലസ്തീനിലെ ഈ ജയാരവത്തിന്റെ ആയുസ്സ് എത്ര എന്ന കാര്യത്തിൽ മണിക്കൂറുകൾക്കുള്ളിൽതന്നെ സംശയമുണർന്നുകഴിഞ്ഞു. വെടിനിർത്തൽ ലംഘനങ്ങളും സന്ധിയുടക്കലും ഇസ്രയേലിന് പുത്തരിയല്ല. വ്യാഴാഴ്ച ഇസ്രായേൽകൂടി അംഗീകരിക്കുന്നതോടെയാണ് യുദ്ധവിരാമം സംഭവിക്കുമെന്ന കണക്കുകൂട്ടലുകൾ അവർതന്നെ തെറ്റിച്ചു. വ്യാഴാഴ്ചയും അവർ ആക്രമണം സജീവമാക്കുന്നതാണ് കണ്ടത്. കരാർ പ്രഖ്യാപനശേഷം മാത്രം 72 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹമാസ് ചില വ്യവസ്ഥകളിൽ പിന്നാക്കം പോയതായി ആരോപിച്ച് കരാറിന് സമ്മതം മൂളാൻ സമയം നീട്ടുകയാണ് ഇസ്രായേൽ.
ഇസ്രായേൽ വിട്ടയക്കുന്ന ഹമാസുകാരുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന ആവശ്യം കരാർ വ്യവസ്ഥകൾക്കെതിരാണെന്നു ചൂണ്ടിക്കാട്ടി, ഹമാസിനെ അവസാനഘട്ട തിരുത്തുകളിൽനിന്ന് പിന്തിരിപ്പിക്കണമെന്ന് ദോഹയിലെ മധ്യസ്ഥ സംഘവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ബിന്യമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മൊസാദ് ചീഫും ഇസ്രായേൽ പ്രതിനിധികളും ദോഹയിൽ ചർച്ച തുടർന്നു. മറുഭാഗത്ത് സന്ധിയിൽ ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച ഹമാസ്, ഇസ്രായേൽ അതിനു തയാറാകണമെന്ന് ആവശ്യപ്പെട്ടു. കരാറിന് മുൻകൈയെടുത്ത നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, കരാർ ഗൗരവത്തിലാണ് ട്രംപ് എടുക്കുന്നതെന്നും അത് ദുർബലപ്പെടുത്തുന്നതൊന്നും ചെയ്യരുതെന്നും ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി.
തെൽഅവീവിൽ കരാറിന് പിന്തുണ നേടിയെടുക്കാനുള്ള ഭൂരിപക്ഷം ഉണ്ടെങ്കിലും വലതു തീവ്രവാദികളുടെ എതിർപ്പും അന്താരാഷ്ട്ര കോടതിയുടെ ഇടപെടൽ അടക്കമുള്ള വിഷയങ്ങളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും ചേർന്ന് നെതന്യാഹുവിന് ഏറെ ദഹനക്കേട് ഉണ്ടാക്കുന്നുണ്ട്. ‘ജൂതജനതയുടെ അഭിമാനം പണയപ്പെടുത്തുന്ന കരാർ’ അംഗീകരിക്കരുതെന്ന ആവശ്യമുന്നയിച്ച് ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ ബന്ധുക്കളെയും കൂട്ടി ‘ഗെവുറാഹ്’ തീവ്രവാദികൾ നെതന്യാഹുവിന്റെ ഓഫിസിലേക്ക് ബുധനാഴ്ച മാർച്ച് നടത്തിയിരുന്നു.
കൈവിട്ട് ബൈഡനും കൈയടക്കി ട്രംപും
യുദ്ധവിരാമ സന്ധിക്ക് മുൻകൈയെടുത്തത് ഖത്തറും അമേരിക്കയുമാണ്. അമേരിക്കയിൽ ഒഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ക്രെഡിറ്റ് അടിച്ചെടുക്കാൻ നടത്തിയ ശ്രമം പാളി. കഴിഞ്ഞ മേയിൽ താൻ മുന്നോട്ടുവെച്ച കരാറാണ് ശ്രമകരമായ സാഹസത്തിലൂടെ ഹമാസിനെ വഴക്കിയെടുത്ത് സാധ്യമാക്കിയത് എന്ന ബൈഡന്റെ വാദം പക്ഷേ, ചീറ്റിപ്പോയി. എങ്കിൽ ഈ എട്ടുമാസം പിന്നെയും പതിനായിരങ്ങളെ കൊന്നൊടുക്കി യുദ്ധം തുടർന്നതിന്റെ പാപഭാരം അദ്ദേഹം ഏൽക്കണമെന്നായി വിമർശകർ. നേരത്തേതന്നെ താൻ സയണിസ്റ്റാണ് എന്നു തുറന്നു പ്രഖ്യാപിച്ച് നെതന്യാഹുവിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ് അദ്ദേഹം. അതിനാൽ, അമേരിക്കയിൽ യുദ്ധവിരോധികളായ തലമുറക്ക് ബൈഡനിൽ വിശ്വാസം നഷ്ടമായതിന്റെ തെളിവാണ് അയാൾക്ക് ലഭിച്ച വോട്ടിന്റെ 22 ശതമാനം സ്വന്തം സ്ഥാനാർഥി കമല ഹാരിസിന് നഷ്ടപ്പെടുത്തിക്കളഞ്ഞതെന്ന് നിരീക്ഷകർ പറയുന്നു.
ഒടുവിൽ അമേരിക്ക നിർത്തിയാൽ മാത്രമേ യുദ്ധം നിലക്കൂ എന്ന നേരത്തേയുള്ള ലോകത്തിന്റെ ബോധ്യം ഇപ്പോൾ ശരിവെച്ചിരിക്കുന്നത് ട്രംപിലൂടെയാണ് എന്നത് മറ്റൊരു വിരോധാഭാസം. താൻ സ്ഥാനമേൽക്കുന്ന ജനുവരി 20നു ശേഷം ഇസ്രായേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ നരകതുല്യ പ്രതികാരം ഭീഷണി മുഴക്കിയ ട്രംപ് പക്ഷേ, നെതന്യാഹുവിന്റെ മേലും കണ്ണുവെച്ചിരുന്നുവെന്നാണ് ‘ഐതിഹാസികവും ചരിത്രപ്രധാനവുമായ സമാധാന കരാറി’നു മുൻകൈയെടുത്തതിലൂടെ തെളിയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം തന്റെ അജണ്ടകൾ നടപ്പാക്കാൻ പശ്ചിമേഷ്യയിലെ ഇടപെടലിൽനിന്ന് തൽക്കാലമെങ്കിലും തടിയൂരാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നാണ് ട്രംപിന്റെ സമാധാന വേഷംകെട്ട് എന്നാണ് സാമി അൽ അരിയാനെ പോലുള്ള പശ്ചിമേഷ്യൻ രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. സമാധാന നൊബേലിലൂടെ സൽപേര് നേടാനുള്ള ട്രംപിന്റെ ശ്രമമായി ഇതിനെ കാണുന്നവരുമുണ്ട്. ഏതായാലും, ഇത്രകാലം വഴങ്ങാതെനിന്ന നെതന്യാഹുവിനെ ശാബ്ബത്ത് നാൾ അവധിപോലും മാറ്റിവെപ്പിച്ച് വരച്ചവരയിൽ നിർത്തുന്നതിൽ ട്രംപിന്റെ ദൂതൻ വിജയിച്ചത് അമേരിക്കൻ സമ്മർദത്തിന്റെ തെളിവാണ്. ‘‘ട്രംപ് വിജയത്തിന് ആദ്യം വിലയൊടുക്കേണ്ടിവന്നത് ഞങ്ങളാണ്. ഈ കരാർ ഞങ്ങളുടെ മേൽ കെട്ടിയേൽപിച്ചതാണ്’’ എന്ന വലതു തീവ്രവാദ വിദഗ്ധൻ എറൽ സെഗൽ ചാനൽ-14നോട് പറഞ്ഞത് ശ്രദ്ധേയമാണ്.
ചുടലക്കളമാക്കിയിട്ടും ഒന്നുമെടുക്കാനില്ലാതെ ഇസ്രായേൽ
15 മാസത്തെ പൈശാചികതാണ്ഡവത്തിനു ശേഷവും ഇസ്രായേൽ ബഹുവിധ നഷ്ടത്തിലാണെന്ന് ‘മിഡിലീസ്റ്റ് ഐ’ മുഖ്യപത്രാധിപർ ഡേവിഡ് ഹേസ്റ്റ് വിശദീകരിക്കുന്നത് അരലക്ഷത്തോളം പേരെ കൊന്നുമുടിച്ച ശേഷവും നെതന്യാഹു-ബൈഡൻ അച്ചുതണ്ടിന്റെ സയണിസ്റ്റ്-യാങ്കിപ്പട പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാതെ യുദ്ധവിരാമത്തിലേക്ക് നീങ്ങുന്നത് കണ്ടാണ്. വടക്കൻ ഗസ്സയെ ശൂന്യമാക്കി അവിടെ ഇസ്രായേൽ സെറ്റിൽമെന്റുകൾ പണിയാനും നെത് സരിം എന്ന ഫിലഡെൽഫിയ ഇടനാഴിയുടെ നിയന്ത്രണം പിടിച്ച് ഗസ്സയെ മൂന്നിലൊന്നായി വെട്ടിച്ചുരുക്കാനുമൊക്കെയുള്ള പ്ലാനുകൾ കണ്ടാണ്, ഹമാസിന്റെ അവസാനപ്രവർത്തകനെയും വകവരുത്തിയേ പിന്മാറൂ എന്ന ശാഠ്യത്തിലുള്ള പടയോട്ടം.
എന്നാൽ, ആ വരകളെല്ലാം മാറ്റിവരക്കുകയാണ് പുതിയ കരാർ. ഹമാസിന്റെ നിസ്സൈനീകരണത്തെക്കുറിച്ച് കരാർ പറയുന്നില്ല. ഖത്തർ, ഈജിപ്ത്, യു.എൻ മുൻകൈയിൽ ഗസ്സയുടെ പുനർനിർമാണം കരാർ പറയുന്നു. ഗസ്സയും ഹമാസും പുതിയ ശാന്തതയിൽ വീണ്ടും ഉയിർത്തെഴുന്നേറ്റാൽ മറ്റൊരു ഇൻതിഫാദയുടെ ഭീതി സയണിസ്റ്റ് തീവ്രവാദികൾക്കുണ്ട്. യുദ്ധവിരാമ ശാന്തതയിൽ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയടക്കം കൊന്നുമുടിച്ചതിന് അന്താരാഷ്ട്ര കോടതി കയറേണ്ടിവരുമെന്ന ഭീതി നെതന്യാഹുവിനുണ്ട്. യുദ്ധത്തിലാണ് നെതന്യാഹുവിന്റെയും ഇസ്രായേലിന്റെയും നിലനിൽപ്. ഏതു സ്വേച്ഛാധിപത്യത്തിന്റെയും അന്ത്യം ആളിക്കത്തലോടെയാണെന്നും അതിനാൽ, സയണിസം അതിന്റെ അന്തിത്തിരിയിലാണ് എന്നുമുള്ള ഇസ്രായേൽ ചരിത്രകാരൻ ഇലാൻ പെപ്പെയുടെ നിരീക്ഷണം ഓർത്തുതന്നെയാവാം, നെതന്യാഹുവും സന്ധിയോട് കരുതി കളിക്കുന്നതും.
സമാധാനത്തിനൊപ്പം; ഗസ്സക്കൊപ്പം
യുദ്ധവെറിയന്മാർക്കും അധിനിവേശത്തിന്റെ പങ്കുപറ്റുകാർക്കും എന്തുതന്നെയായിരുന്നാലും യുദ്ധം മാറിനിൽക്കുന്ന ഏതു നിമിഷവും മനുഷ്യപ്പറ്റുള്ളവർക്ക് സമാശ്വാസകരംതന്നെ. ഗസ്സ ദുരന്തത്തിന്റെ പ്രതീകമായ മാധ്യമ പ്രവർത്തകൻ വാഇൽ അദ്ദഹ്ദൂഹിന്റെ വാക്കുകളാണ് ശരി: ‘‘ഗസ്സക്കാർക്ക് ഇത് സമ്മിശ്രവികാരങ്ങളുടെ തരളിതനിമിഷങ്ങളാണ്. യുദ്ധത്തിനറുതിയായതിൽ അളവറ്റ് സന്തോഷിക്കുമ്പോൾതന്നെ അതിന് ഒടുക്കേണ്ടിവന്ന വില വളരെ വലുതാണ്. മാധ്യമരംഗത്തെ സഹപ്രവർത്തകരായ ഇരുനൂറിലേറെ സഹോദരങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഗസ്സയിലെ ആബാലവൃദ്ധം പേർക്കുമുണ്ട് നഷ്ടങ്ങളുടെ ഒരായിരം കദനക്കഥകൾ. അതൊക്കെ മനസ്സിൽ വെച്ച് സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള അവസരമാണ് ദൈവം കനിഞ്ഞരുളിയിരിക്കുന്നതെന്ന് ഓർമിച്ച് കൃത്യമായ ചുവടുവെപ്പുകളോടെ ഞങ്ങൾ നീങ്ങിയേ മതിയാവൂ.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.