ഗസ്സ: 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെടുകയും 116 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ 31,726 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 73,792 പേർക്ക് പരിക്കേറ്റു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 35 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതായി ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. നവംബറിൽ വിട്ടയച്ച 240 ഫലസ്തീനികളിൽ 13 പേരെ വീണ്ടും അറസ്റ്റ് ചെയ്തു.
അതേസമയം, ലബനാനിലെ ഹിസ്ബുല്ലയും ഇസ്രായേലും പരസ്പരം വ്യോമാക്രമണം തുടരുകയാണ്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.
അതിനിടെ റഫയിലെ കരയുദ്ധവുമായി മുന്നോട്ടുപോകുമെന്നും ഒരു സമ്മർദത്തിനും തങ്ങളെ പിന്നോട്ടുവലിക്കാനാവില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. റഫയിൽ ആക്രമണം നടത്തുന്നത് എല്ലാ പരിധിയും ലംഘിക്കലാകുമെന്നും ഇസ്രായേൽ അതിൽനിന്ന് പിന്മാറണമെന്നും ജർമൻ ചാൻസലർ ഒലഫ് സ്കോൾസ് പറഞ്ഞതിന് മറുപടിയായാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഗസ്സ തുറന്ന ശ്മശാനമായി -യൂറോപ്യൻ യൂനിയൻ
ബ്രസൽസ്: പട്ടിണിയിലായ ഗസ്സയെ ഇസ്രായേൽ മനഃപൂർവം പ്രകോപിപ്പിക്കുകയാണെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.
ഗസ്സ തുറന്ന ശ്മശാനമായി. യുദ്ധത്തിൽ പട്ടിണി ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവനക്കെതിരെ ഇസ്രായേൽ രംഗത്തെത്തി. ഗസ്സയിലേക്ക് ഇസ്രായേൽ സഹായം അനുവദിക്കുന്നുവെന്നും യൂറോപ്യൻ യൂനിയൻ അന്യായമായി ഇസ്രായേലിനെ കുറ്റപ്പെടുത്തുകയാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
40 ബന്ദികളെ വിട്ടയച്ചാൽ ആറാഴ്ച വെടിനിർത്താമെന്ന് ഇസ്രായേൽ
ഗസ്സ: 40 ബന്ദികളെ മോചിപ്പിച്ചാൽ ഗസ്സയിൽ ആറാഴ്ചത്തെ വെടിനിർത്തലിന് സന്നദ്ധത അറിയിച്ച് ഇസ്രായേൽ. മൊസാദ് മേധാവി ഡേവിഡ് ബർനീയുടെ നേതൃത്വത്തിലുള്ള ഇസ്രായേലി പ്രതിനിധി സംഘം മധ്യസ്ഥ ചർച്ചകൾക്കായി ഖത്തറിലെത്തും.
മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഖത്തർ, ഈജിപ്ത് എന്നിവ മുൻകൈയെടുത്ത് നടത്തുന്ന മധ്യസ്ഥ ചർച്ചയിലൂടെ വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.