‘എന്റെ വിവാഹം മാറ്റിവെക്കുകയാണ്’; ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പരാജയം പ്രതീക്ഷിച്ച് ഗസ്സക്കാർ
text_fieldsഗസ്സയിലെ വിവാഹ ചടങ്ങ് (ഫയൽ ചിത്രം)
ജറുസലേം: ഇസ്രായേലിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലെങ്കിലും, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളും സ്വപ്നങ്ങളും ആ ഫലത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഫലസ്തീനികൾ. തകർന്ന വീടുകളുടെയും ബിസിനസ്സുകളുടെയും പുനർനിർമാണം മുതൽ സ്വന്തം വിവാഹം വരെ, ബിന്യമിൻ നെതന്യാഹു ഭരണത്തിൽ നിന്ന് പുറത്താകുമോ എന്നറിയാൻ നീട്ടിവെച്ചിരിക്കുകയാണ് ഇവിടുത്തുകാർ.
ഗസ്സയിൽ യുദ്ധത്തിന്റെ ആഘാതം വ്യക്തിജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് മുസ്തഫ മൂസയുടെ അനുഭവം. മുപ്പതുകാരനായ അദ്ദേഹം വിവാഹനിശ്ചയം നടത്തണമെന്ന കുടുംബത്തിന്റെ നിർബന്ധം മാസങ്ങളായി മാറ്റിവെക്കുകയാണ്. വീട് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും വിവാഹജീവിതം ആരംഭിക്കാൻ വീടും പണവും മാത്രം മതിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഗസ്സയുടെ ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചശേഷം മാത്രമേ വിവാഹനിശ്ചയവുമായി മുന്നോട്ടുപോകൂവെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. “തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ ജീവിതത്തിൽ ഉടനടി മാറ്റമുണ്ടാക്കണമെന്നില്ല. എന്നാൽ അതിന്റെ ഫലം ദൈനംദിന ജീവിതത്തെ തീർച്ചയായും സ്വാധീനിക്കും. അതിനാൽ തെരഞ്ഞെടുപ്പിനുശേഷത്തേക്ക് വിവാഹനിശ്ചയവും വിവാഹവും മാറ്റിവെക്കുകയാണെന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു,” മുസ്തഫ കൂട്ടിച്ചേർത്തു.
ഗസ്സയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മുനീർ അബു വാദിയും സമാന നിലപാടാണ് എടുത്തിരിക്കുന്നത്. ഗസ്സയിലെ തന്റെ തകർന്ന സ്ഥാപനം പുനർനിർമിക്കാൻ ഇസ്രായേൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകയാണ് അബു വാദി. ഗസ്സയിലെ ഭൂരിഭാഗം ആളുകളും ഇസ്രായേൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തങ്ങളുടെ ജീവിതം മാറ്റിവെച്ചിരിക്കുകയാണെന്നും നെതന്യാഹു സർക്കാർ വീഴുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അബു വാദി പറഞ്ഞു.
ഗസ്സ സിറ്റിയിൽ വീട് തകർന്ന 52 കാരനായ മഹ്ദി അബുൽ ഖുംസാനും, തന്റെ കുടുംബത്തിന് താമസിക്കാൻ താൽക്കാലിക ഷെൽട്ടർ നിർമിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ തീരുമാനിക്കൂ എന്ന് പറയുന്നു. പതിനൊന്നംഗ കുടുംബവുമായി ഇപ്പോൾ ദയർ അൽ ബലാഹിൽ അഭയാർഥിയായി കഴിയുകയാണ് അദ്ദേഹം.
നിർമാണസാമഗ്രികളുടെ ക്ഷാമവും ഗസ്സയുടെ രാഷ്ട്രീയഭാവത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം താൽക്കാലിക അഭയകേന്ദ്രം നിർമിക്കുന്നതുപോലും വലിയൊരു തീരുമാനമായി മാറിയിരിക്കുകയാണ്. യുദ്ധം തകർത്ത ജീവിതം പുനർനിർമിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് അനുകൂലമായ സാഹചര്യം ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
ഇസ്രായേലിൽ പ്രതിപക്ഷ നേതാവായ മുൻ ജനറൽ ഗാഡി ഐസൻകോട്ടിന്റെ പാർട്ടി മുന്നേറുന്നുണ്ടെങ്കിലും ഇസ്രായേൽ നയങ്ങളിൽ വലിയ മാറ്റമുണ്ടാകില്ലെന്ന് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എങ്കിലും, തങ്ങളുടെ ജീവിതം തകർത്ത ഭരണാധികാരികളുടെ പതനം കാണാനാണ് വോട്ടവകാശമില്ലാത്ത ഈ ജനവിഭാഗം ആഗ്രഹിക്കുന്നത്.

