എണ്ണ, വാതക സമ്മേളനത്തിനെതിരെ പ്രതിഷേധം; ഗ്രേറ്റ തുൻബെർഗ് അറസ്റ്റിൽ
text_fieldsലണ്ടൻ: ലണ്ടനിൽ എണ്ണ, വാതക വ്യവസായ സമ്മേളനത്തിനെതിരെ പ്രകടനം നടത്തിയതിന് അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ പൊതുസമാധാനം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി.
എനർജി ഇന്റലിജൻസ് ഫോറം നടക്കുന്ന ആഡംബര ഇന്റർകോണ്ടിനെന്റൽ ഹോട്ടലിനുപുറത്ത് തടിച്ചുകൂടിയതിന് കുറ്റം ചുമത്തിയ 26 പേരിൽ ഒരാളാണ് 20കാരിയായ കാലാവസ്ഥാ പ്രവർത്തകയെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ഗ്രേറ്റ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ചൊവ്വാഴ്ച ഹോട്ടലിലേക്കുള്ള പ്രവേശനം തടയാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രിയോടെ വിട്ടയക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പൊതുസമ്മേളനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിനെ അനുവദിക്കുന്ന പബ്ലിക്ക് ഓർഡർ ആക്ട് ലംഘിച്ചതിനാണ് ഗ്രേറ്റക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബർ 15ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം കേൾക്കുന്നതുവരെ ഗ്രേറ്റക്കും മറ്റുള്ളവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യാഴാഴ്ചവരെ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ഷെൽ, സൗദി അറേബ്യയിലെ അരാംകോ, നോർവേയിലെ ഇക്വിനോർ എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടിവുകളും യു.കെയിലെ ഊർജ സുരക്ഷാ മന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
കൂടുതൽ ലാഭമുണ്ടാക്കാൻ ഫോസിൽ ഇന്ധനക്കമ്പനികൾ പുനരുപയോഗിക്കാവുന്ന ഊർജത്തിലേക്കുള്ള ആഗോള ഊർജ പരിവർത്തനത്തെ മനഃപൂർവം മന്ദഗതിയിലാക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സ്കോട്‍ലൻഡ് തീരത്ത് ഉത്തര കടലിൽ എണ്ണ ഖനനത്തിന് ബ്രിട്ടീഷ് സർക്കാർ അടുത്തിടെ അനുമതി നൽകിയതിനെയും അവർ എതിർക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.