എച്ച് വൺ ബി, എച്ച് 4 വിസ; സമൂഹമാധ്യമ പ്രൊഫൈലുകൾ ‘പബ്ലിക്’ ആക്കണമെന്ന് യു.എസ്
text_fieldsന്യൂയോർക്: എച്ച് വൺ ബി വിസ അപേക്ഷകരുടെയും എച്ച് 4 ആശ്രിതരുടെയും സൂക്ഷ്മപരിശോധന നടപടികൾ വിപുലീകരിച്ച് യു.എസ് സർക്കാർ. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളുടെ സ്വകാര്യത സെറ്റിങ്സുകൾ മാറ്റി ‘പബ്ലിക്’ പ്രൊഫൈൽ ആക്കണമെന്നാണ് പുതിയ നിർദേശം. ഡിസംബർ 15 മുതൽ എല്ലാ എച്ച് വൺ ബി അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സമൂഹമാധ്യമ, ഓൺലൈൻ സാന്നിധ്യം അവലോകനം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.
നേരത്തേ, വിദ്യാർഥികളും എക്സ്ചേഞ്ച് വിസിറ്റർമാരും സൂക്ഷ്മ പരിശോധനക്ക് വിധേയരായിരുന്നു. ഇനിമുതൽ, എച്ച് വൺ ബി, എച്ച് 4, എഫ്, എം. ജെ നോൺ എമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഇതു ബാധകമാകും. കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയാണിത്.
അമേരിക്കയുടെ ദേശീയസുരക്ഷക്കും പൊതുസുരക്ഷക്കും ഭീഷണിയായ വിസ അപേക്ഷകരെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ പരിശോധനകളും നടത്തും. വിസ അപേക്ഷകർ പ്രവേശന നിബന്ധനകളും യോഗ്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യു.എസ് ജാഗ്രത പാലിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
യു.എസ് ടെക് കമ്പനികൾ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നതാണ് എച്ച് വൺ ബി വിസ. ഇതിന്റെ ദുരുപയോഗം തടയാനെന്ന പേരിൽ യു.എസ് ഭരണകൂടം വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. സെപ്റ്റംബറിൽ എച്ച് വൺ ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

