ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസം അൽ ഹയ്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ അസം ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഗസ്സ സിറ്റിയിലെ ദറജ് പരിസരത്താണ് ആക്രമണമുണ്ടായത്. ഖലീൽ അൽ ഹയ്യയുടെ കൊല്ലപ്പെടുന്ന നാലാമത്തെ മകനാണിത്. നേരത്തെ 2008ലും 2014ലും ഗസയിൽ നടന്ന ആക്രമണങ്ങളിലും, കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ആക്രമണത്തിലും അദ്ദേഹത്തിന് മക്കൾ നഷ്ടപ്പെട്ടിരുന്നു.
അതേസമയം, ഇസ്രായേൽ പ്രതിരോധ സേന ഈ സംഭവത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് മധ്യസ്ഥതയിൽ ഗസയുടെ ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഖലീൽ അൽ-ഹയ്യ ഇതിനുമുമ്പ് പലതവണ ഇസ്രായേൽ വധശ്രമങ്ങളിൽ നിന്ന് തലനാരിഴയക്ക് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന വംശഹത്യയുടെ ഭാഗമാണിതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ വെടിനിർത്തലിന് ശേഷം മാത്രം 837 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2381 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023ൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 72,619 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
അതിനിടെ, പൂർണമായ നിരായുധീകരണം എന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് തള്ളിയതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ചർച്ച നടത്തി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ചട്ടക്കൂടിന്റെ ഭാഗമായി മാത്രമേ ആയുധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നാണ് ഹമാസിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

