ഗസ്സ കരാർ നടപ്പാക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ശക്തമാക്കണം: മധ്യസ്ഥരോട് ഹമാസ്
text_fieldsഗസ്സ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയുടെയും അതിന്റെ രൂപരേഖയുടെയും ഭാഗമായി ധാരണയായ കരാറുകൾ ഇസ്രായേൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മധ്യസ്ഥരും അമേരിക്കൻ ഭരണകൂടവും ഗാസ്സ ബോർഡ് ഓഫ് പീസ് പ്രതിനിധി നിക്കോളായ് മ്ലാഡെനോവും അടിയന്തരമായി ഇടപെടണമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം ആവശ്യപ്പെട്ടു. ഇസ്രായേൽ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇസ്രായേൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നടപടികൾ വൈകിപ്പിക്കണമെന്നായിരുന്നു മ്ലാദെനോവിന്റെ നിലപാടെന്ന് ഖാസിം പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ, ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെയും അതിന്റെ കർമപദ്ധതിയിലെയും തീരുമാനങ്ങൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യസ്ഥരും അമേരിക്കൻ ഭരണകൂടവും മ്ലാദെനോവും അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ ജനങ്ങൾക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ തടയാൻ അമേരിക്കൻ ഭരണകൂടവും മ്ലാദെനോവും ശക്തമായ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ഗസ്സയുടെ ഭരണം ഏറ്റെടുക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധരുടെ സമിതിക്ക് പ്രദേശത്തേക്ക് പ്രവേശിക്കാൻ ആവശ്യമായ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സമിതി മാസങ്ങളായി ഈജിപ്തിലാണ് കഴിയുന്നത്.
2023 ഒക്ടോബർ 8ന് ഇസ്രായേൽ ആരംഭിച്ച രണ്ടുവർഷം നീണ്ട യുദ്ധത്തിന് കരാറോടെ അവസാനമായി. യുദ്ധത്തിൽ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,75,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളും യുദ്ധം വരുത്തിവച്ചു. ഗസ്സയുടെ പുനർനിർമാണത്തിന് ഏകദേശം 70 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

