യു.എസിന്റെ ഗസ്സ വെടിനിർത്തൽ നിർദേശം; ഇസ്രായേൽ കൊലപാതകങ്ങളും പട്ടിണിയും തുടരാൻ മാത്രമേ സഹായിക്കൂ –ഹമാസ്
text_fieldsമധ്യ ഗസ്സ മുനമ്പിലെ ജബലിയയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന പെൺകുട്ടി
ഗസ്സ സിറ്റി: യു.എസിന്റെ പുതിയ ഗസ്സ വെടിനിർത്തൽ നിർദേശം പരിശോധിക്കുകയാണെന്ന് ഹമാസ്. പുതിയ നിർദേശം നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ ഗസ്സയിൽ കൊലപാതകങ്ങളും പട്ടിണിയും തുടരാൻ മാത്രമേ സഹായിക്കൂ എന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നയീം പറഞ്ഞു.
താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ സർക്കാർ അംഗീകരിച്ചെന്നും ഇക്കാര്യത്തിൽ ഹമാസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നുമുള്ള വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നയീം. യുദ്ധം അവസാനിപ്പിക്കുന്നതടക്കം ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങളൊന്നും ഈ വെടിനിർത്തൽ നിർദേശത്തിലില്ലെന്ന് നയീം പറഞ്ഞു. എങ്കിലും പൂർണ ദേശീയ ഉത്തരവാദിത്തത്തോടെ ഹമാസ് നേതൃത്വം നിർദേശം പഠിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വെടിനിർത്തൽ നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ശനിയാഴ്ച അറിയിക്കുമെന്ന് രഹസ്യ വൃത്തങ്ങൾ പറഞ്ഞതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഗസ്സ ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കുകയും സൈന്യത്തെ പൂർണമായും പിൻവലിക്കുകയും മാനുഷികസഹായം പുനരാരംഭിക്കുകയും ചെയ്യുമെന്ന കാര്യം പുതിയ കരാറിൽ ഇല്ലെന്ന് ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹ്രി റോയ്ട്ടേഴ്സിനോട് പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കാനും 28 ഇസ്രായേൽ ബന്ദികളെ വിട്ടയക്കുകയും പകരം 1236 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനുമാണ് കരാറിന്റെ കരടിലുള്ളതെന്ന് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, പുതിയ നിർദേശം അംഗീകരിച്ചതായി ഇസ്രായേൽ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
ഗസ്സക്ക് സഹായം അനുവദിച്ചില്ലെങ്കിൽ ഇസ്രായേലിനെതിരെ ഉപരോധം –മാക്രോൺ
പാരിസ്: കൊടുംപട്ടിണി നേരിടുന്ന ഗസ്സക്ക് മാനുഷികസഹായം പുനരാരംഭിച്ചില്ലെങ്കിൽ ഇസ്രായേലിനെതിരെ ഉപരോധം ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ. ഫലസ്തീനികൾ കൊടും പട്ടിണി നേരിടുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പുർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ലോറൻസ് വോങ്ങിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് മാക്രോൺ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്.
ഇസ്രായേൽ മനുഷ്യാവകാശങ്ങളെ മാനിക്കുന്നെന്ന അനുമാനം അവസാനിപ്പിക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. ഇസ്രായേൽ സർക്കാർ നിലപാട് മാറ്റുമെന്നും മാനുഷിക സഹായം അനുവദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് ധാർമിക കടമ മാത്രമല്ല, രാഷ്ട്രീയ ആവശ്യകതയുമാണെന്നും മാക്രോൺ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.