മൗയി കാട്ടുതീ; മരണം 93 ആയി; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ
text_fieldsകാട്ടുതീ നാശംവിതച്ച ലഹൈനയിൽ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നുപോകുന്ന രക്ഷാ പ്രവർത്തകർ
ലഹൈന: യു.എസിലെ ഹവായ് സംസ്ഥാനത്തെ മൗയി ദ്വീപിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. മൗയി ദ്വീപിലെ ചരിത്രനഗരമായ ലഹൈനയിലാണ് കാട്ടുതീ നാശം വരുത്തിയത്.
ഇനിയും നൂറുകണക്കിനാളുകളെ കണ്ടെത്താനുണ്ടെന്നും നിലവിൽ കണ്ടെത്തിയവരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഗവർണർ അറിയിച്ചു. ഹവായ് സംസ്ഥാനം നേരിട്ട ഏറ്റവും ദുരിതംനിറഞ്ഞ കാട്ടുതീയാണിത്. തീയിൽനിന്ന് രക്ഷനേടി ജീവൻ ബാക്കിയായവർക്ക് സഹായം നൽകുക മാത്രമാണിപ്പോൾ ചെയ്യാനാവുക. ചികിത്സ നൽകാനും പുനരധിവസിപ്പിക്കാനും വേണ്ടി ആളുകളെ ഒരുമിച്ചുകൂട്ടുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു.
കാട്ടുതീ ഏറക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. ദ്വീപിന്റെ ചില ഭാഗങ്ങളിലായി ഇപ്പോഴുമുള്ള കാട്ടുതീ പൂർണമായി അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സേവനം അധികൃതർ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇതേവരെ മൂന്നു ശതമാനം പ്രദേശത്ത് മാത്രമാണ് പരിശോധന നടത്താനായതെന്ന് മൗയി പൊലീസ് മേധാവി ജോൺ പെല്ലറ്റീയർ പറഞ്ഞു. ദുരന്തത്തിന്റെ വലുപ്പം പൂർണമായി തിട്ടപ്പെടുത്താൻ തങ്ങൾക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുതീയിൽ രണ്ടായിരത്തോളം കെട്ടിടങ്ങളാണ് തകർന്നത്. ഇതിൽ ഭൂരിഭാഗവും ലാഹൈന മേഖലയിലെ വീടുകളാണ്. ഇവരിലധികവും ഹൈവേ ഓരങ്ങളിലാണ് ഇപ്പോൾ കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.