ഗസ്സയിൽ വൻ വ്യോമാക്രമണം: കരയുദ്ധം തുടങ്ങുന്നതായി ഇസ്രായേൽ, ആശയവിനിമയ സംവിധാനം തകർത്തു
text_fieldsഗസ്സ: ഗസ്സയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തുന്നതായി റിപ്പോർട്ട്. കൂട്ടക്കുരുതി തുടങ്ങിയ ശേഷം ഏറ്റവും വലിയ ആക്രമണമാണ് ഈ രാത്രി ഇസ്രായേൽ നടത്തിയത്. നൂറുകണക്കിന് വിമാനങ്ങൾ ഗസസയുടെ ആകാശത്തിൽ വട്ടമിട്ട് പറന്നാണ് തുടരെ തുടരെ ബോംബുകൾ വർഷിച്ചത്. കരയാക്രമണവും കടലിൽനിന്നുള്ള ആക്രമണവും രൂക്ഷമാക്കി. അതിനിടെ, കരയുദ്ധം തുടങ്ങുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഗസ്സയിലെ ആശയവിനിമയ സംവിധാനം പൂർണമായും തകർത്തതിനാൽ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കൃത്യമായ വിവരങ്ങൾ ഒന്നും പുറം ലോകത്തിന് ലഭ്യമല്ല.
കഴിഞ്ഞ മണിക്കൂറുകളിൽ ബോംബാക്രമണം കൂടുതൽ ശക്തമാക്കിയതായാണ് ലഭ്യമായ വിവരം. മുൻ ദിവസങ്ങളേക്കാൾ വളരെ കൂടിയ അളവിലാണ് സ്ഫോടനങ്ങൾ നടന്നത്. കനത്ത ബോംബാക്രമണത്തെത്തുടർന്ന് ഗസ്സയിലെ മൊബൈൽ ഫോൺ സേവനവും ഇന്റർനെറ്റും പ്രവർത്തന രഹിതമായതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജവ്വാൽ അറിയിച്ചു.
🚨🔴 PRCS: We have completely lost contact with the operations room in #Gaza Strip and all our teams operating there due to the Israeli authorities cutting off all landline, cellular and internet communications. We are deeply concerned about the ability of our teams to continue…
— PRCS (@PalestineRCS) October 27, 2023
തുടർച്ചയായ രണ്ടാം ദിവസമായ ഇന്ന് ഇസ്രായേൽ ഗസ്സയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുടെ അകമ്പടിയിലായിരുന്നു ഗസ്സയിലെ ശുജാഇയ്യയിൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞ് ഇസ്രായേൽ കവചിത വാഹനങ്ങൾ പിൻവാങ്ങി. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലായിരുന്നു സമാനമായി ഇസ്രായേൽ കരയാക്രമണം നടത്തിയത്. മൂന്നാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 7,326 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
പുതിയ ആക്രമണം വെടിനിർത്തൽ ചർച്ചയെ ദോഷകരമായി ബാധിച്ചേക്കും. ബന്ദികളെ വിട്ടയക്കാൻ പണം നൽകാൻ തയാറാണെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ, വെടിനിർത്താതെ ബന്ദികളെ വിട്ടയക്കില്ലെന്നാണ് ഹമാസ് നിലപാട്. ബന്ദിമോചനത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ഇസ്രായേൽ സർക്കാറിനുമേൽ ജനസമ്മർദം കൂടുതൽ ശക്തമാകുന്നത് വെടിനിർത്തൽ ചർച്ച സജീവമാക്കുന്നുണ്ട്.
അതേസമയം, സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ പുതിയ ആശങ്ക ഉയർത്തുകയാണ്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക അയച്ച രണ്ടാം യുദ്ധക്കപ്പൽ മെഡിറ്ററേനിയനിൽ നങ്കൂരമിടാനിരിക്കെയാണ് സിറിയയുടെ കിഴക്കൻ മേഖലയിൽ രണ്ടിടത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഇറാൻ അനുകൂല മിലീഷ്യയുടെ ആയുധ സംഭരണ കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ വ്യക്തമാക്കി. ആളപായം സംബന്ധിച്ച വിവരങ്ങളില്ല. സംഭവത്തിന് ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധമില്ലെന്ന് യു.എസ് വ്യക്തമാക്കി.
ഒക്ടോബർ ഏഴിനുശേഷം ആദ്യമായാണ് നേരിട്ടുള്ള അമേരിക്കൻ സൈനിക ഇടപെടൽ. സിറിയൻ അതിർത്തി പട്ടണമായ അബൂകമാലിനു സമീപം വെള്ളിയാഴ്ച പുലർച്ചയാണ് രണ്ട് എഫ്-16 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ താവളങ്ങൾക്കു നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. സിറിയയിലെ രണ്ടും ഇറാഖിലെ ഒന്നും യു.എസ് താവളങ്ങളിൽ വ്യാഴാഴ്ച മാത്രം മൂന്ന് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കരാർ ജീവനക്കാരൻ കൊല്ലപ്പെടുകയും 24 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നിൽ ഇറാൻ അനുകൂല മിലീഷ്യയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതിന് മറുപടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിറിയയിലെ ആക്രമണം.
സംഘർഷം തുടങ്ങിയ ഉടൻ രണ്ടു യുദ്ധക്കപ്പലുകൾ അമേരിക്ക മേഖലയിലേക്ക് അയച്ചിരുന്നു. ഇതിൽ ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാർഡ് ആർ. ഫോർഡ് നേരത്തേ എത്തിയിട്ടുണ്ട്. യു.എസ്.എസ് ഐസനോവറും വൈകാതെ എത്തും. ആയിരക്കണക്കിന് സൈനികരെയും ഇതിന്റെ ഭാഗമായി അമേരിക്ക വിന്യസിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.