ഗസ്സയിൽ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം; 64 മരണം
text_fieldsദേർ അൽ ബലാഹ്: അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കെ ഗസ്സയിൽ അവസാനിക്കാതെ ഇസ്രായേൽ ക്രൂരത. വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ കനത്ത വ്യോമാക്രമണത്തിൽ 64 ഫലസ്തീനികളെ കൊലപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനം അവസാനിച്ചതിന്റെ പിന്നാലെയാണ് ആക്രമണം. 48 മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലും 16 മൃതദേഹങ്ങൾ നാസർ ആശുപത്രിയിലും എത്തിച്ചതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ തുടർന്ന ആക്രമണം.
ആക്രമണത്തെ തുടർന്ന് ജബലിയ അഭയാർഥി ക്യാമ്പിൽനിന്നും ബെയ്ത് ലാഹിയ പട്ടണത്തിൽനിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനുപേർ പലായനം ചെയ്തു. വെടിനിർത്തലിനെ കുറിച്ചും ഗസ്സ സഹായ വിതരണം പുനരാരംഭിക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടത്താതെയാണ് ട്രംപ് പശ്ചിമേഷ്യ സന്ദർശനം അവസാനിപ്പിച്ചത്. സഹായ വിതരണത്തിന് മേലുള്ള ഇസ്രായേൽ ഉപരോധം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഭക്ഷണവും കുടിവെള്ളവും ഇന്ധനവും മരുന്നും അടക്കമുള്ള സകല വസ്തുക്കളുടെയും വിതരണത്തിനാണ് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേൽ ബോംബിങ്ങിൽ 130 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.