സൗദി നഗരങ്ങളിൽ ഹൂതി ആക്രമണം: 73 പൗരന്മാർക്ക് പരിക്കേറ്റതായി സഖ്യസേന
text_fieldsസൻആ: സൗദിയുടെ വിവിധ നഗരങ്ങളിൽ ആക്രമണവുമായി ഹൂതികൾ. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പൗരന്മാർക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർകി അൽ മലികി പ്രസ്താവനയിൽ പറഞ്ഞു.
അബഅ, ഖമീസ് മുശൈത്, ജസാൻ, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. എന്നാൽ ആക്രമണങ്ങൾ എപ്പോഴാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സൗദിയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് അൽ മലികി വിശേഷിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീഷണിയുടെ ഉറവിടങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സഖ്യസേന ആവശ്യമായ എല്ലാ പ്രവർത്തനപരമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യമനിൽ ഹൂതികളും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം വിവിധ പ്രവിശ്യകളിൽ രൂക്ഷമാകുന്നതിനിടയിലാണ് സഖ്യസേനയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
അതേസമയം, യമനിലെ അൽ-ജൗഫ് പ്രവിശ്യയിലെ അൽ-ഹസ്മിലുള്ള തടങ്കൽ കേന്ദ്രത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഈ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും കുറഞ്ഞത് ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടവും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ തെരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടി.വി സംപ്രേക്ഷണം ചെയ്തു. എന്നാൽ, ഈ ആരോപണങ്ങളോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹളർമൗത്ത് പ്രവിശ്യയിലെ അതിർത്തിയിൽ സൈനിക ഉപകരണങ്ങളുമായി സഞ്ചരിച്ച സൗദി സപ്ലൈ ട്രക്കുകൾക്ക് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങളും അൽ-മസിറ പുറത്തുവിട്ടിട്ടുണ്ട്. ജൗഫിൽ സൗദി അറേബ്യ കൂട്ടക്കൊലകൾ നടത്തുകയാണെന്നും കൂലിപ്പട്ടാളത്തിന് ആയുധങ്ങൾ എത്തിക്കുകയെന്നുമാണ് ഹൂതി വക്താവ് യഹ്‌യ സരി ആരോപിച്ചത്.
യമൻ ജനതക്കെതിരായ ഈ ക്രൂരതകൾ വെറുതെ വിടില്ലെന്നും സൗദി ശത്രുക്കൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജൗഫിൽ ‘ഹോസ്റ്റൈൽ മിഷനുകൾ’ നടത്തിയ ഒരു സി.എച്ച്-4 ഡ്രോൺ ഉൾപ്പെടെ നാല് സൗദി നിരീക്ഷണ ഡ്രോണുകൾ വെടിവച്ചുവീഴ്ത്തിയതായും സരി അവകാശപ്പെട്ടു. കഴിഞ്ഞ 12 മണിക്കൂറിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഡ്രോണാണിത്. ഈ അവകാശവാദങ്ങളോടും സൗദി ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
അതേസമയം, യമൻ സർക്കാറും ഹൂതികളും തമ്മിൽ രാജ്യത്ത് പുതിയ പോരാട്ടങ്ങൾ കനക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

