അധികാരത്തിലേക്ക് തലവെട്ടുതന്ത്രങ്ങൾ മെനഞ്ഞ ഒലി; ഒടുവിൽ കാൽച്ചുവട്ടിലെ മണ്ണൊലിച്ചപ്പോൾ രാജി
text_fieldsകെ.പി.ശർമ ഒലി
കാഠ്മണ്ഡു: പർവതരാജ്യമായ നേപ്പാളിലെ പല സർക്കാറുകളെയും വിറപ്പിച്ച പോരാളിയായിരുന്നു ഇപ്പോൾ രാജിവെച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലി. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം 2024ൽ മൂന്നാം തവണ അധികാരത്തിലെത്തിയത്. എന്നാൽ, സ്വന്തം തീരുമാനങ്ങൾ തന്നെ അദ്ദേഹത്തെ വീഴ്ത്തി. ചൈന അനുകൂലിയായ ഒലി, ജെൻ സി പ്രക്ഷോഭത്തിൽ പൂർണമായും കാലിൻ ചുവട്ടിലെ മണ്ണൊലിച്ചുപോയെന്ന് വ്യക്തമായപ്പോഴാണ് രാജിവെച്ചൊഴിഞ്ഞത്. പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം പൂർണമായും അക്രമാസക്തമാവുകയായിരുന്നു.
നേരത്തെ, അടുത്ത സുഹൃത്തായിരുന്ന പുഷ്പ കമാൽ ദഹൽ പ്രചണ്ഡയെ തള്ളിയാണ് 2024 ജൂലൈയിൽ ഒലി അധികാരം പിടിക്കുന്നത്. മുമ്പ് ശത്രുപക്ഷത്തായിരുന്ന, നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യൂബയുടെ സഹായം ഇതിന് ഉറപ്പാക്കി. രാജ്യത്തിന്റെ വികസനം, രാഷ്ട്രീയ സ്ഥിരത എന്നീ കാര്യങ്ങൾ പറഞ്ഞാണ് പ്രചണ്ഡയെ തള്ളാനുള്ള തീരുമാനത്തെ സി.പി.എൻ-യു.എം.എൽ ചെയർമാനായ ഒലി ന്യായീകരിച്ചത്. വിദ്യാർഥി കാലത്ത് രാഷ്ട്രീയത്തിലെത്തിയ ആളാണ് ഒലി. അന്ന് രാജഭരണ വിരുദ്ധ സമരം നടത്തിയതിന്റെ പേരിൽ 14 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2015 ഒക്ടോബറിൽ ആദ്യമായി പ്രധാനമന്ത്രിയായി. ആ 11 മാസക്കാലത്താണ് ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം മോശമാകുന്നത്.
ഇന്ത്യ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു, തന്റെ സർക്കാറിനെ അട്ടിമറിക്കാൻ നോക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. 2018 ഫെബ്രുവരിയിലാണ് രണ്ടാം തവണ പ്രധാനമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പിൽ സി.പി.എന്നും (യുനിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പ്രചണ്ഡയുടെ സി.പി.എന്നും (മാവോയിസ്റ്റ് സെന്റർ) സഖ്യമായി വിജയം നേടുകയും പിന്നാലെ ലയിക്കുകയും ചെയ്തു. ഈ സമയത്താണ് ചില ഇന്ത്യൻ പ്രദേശങ്ങൾ കൂടി ചേർത്തുള്ള ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിക്കുന്നത്. അതിനെതിരെ ഇന്ത്യ രംഗത്തുവന്നു. വീണ്ടും തന്റെ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമുള്ളതായി ഒലി ആരോപിച്ചു. പലതരം രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞാണ് ഒലി അധികാരത്തിൽ തുടർന്നത്.
2021 മേയ് മുതൽ ജൂലൈ വരെ പ്രസിഡന്റിന്റെ നിയമന വ്യവസ്ഥയിൽ വീണ്ടും അധികാരത്തിൽ തുടർന്നെങ്കിലും സുപ്രീംകോടതി ഇത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. 1952ൽ ടെർഹാതുമിൽ ജനിച്ച ഒലിക്ക് ചെറുപ്പത്തിലേ അമ്മയെ നഷ്ടമായി. പിന്നീട് മുത്തശ്ശിയാണ് വളർത്തിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി.
പിന്നീട് ജയിലിൽ വെച്ചാണ് ഇന്റർമീഡിയറ്റ് പഠനം നടത്തിയത്. ഭാര്യ രചന ശാക്യയും കമ്യൂണിസ്റ്റ് രാഷ്ട്രീയക്കാരിയാണ്. പാർട്ടി പ്രവർത്തനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 1970ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. അതേ വർഷം തന്നെ പഞ്ചായത്ത് സർക്കാർ അറസ്റ്റ് ചെയ്തു. 1971ൽ ജന്മികളുടെ തലയറുത്ത ഝാപ കലാപത്തിന് നേതൃത്വം നൽകി. 1973 മുതൽ ’87 വരെ ജയിലിലായിരുന്നു. മോചിതനായ ശേഷം യു.എം.എൽ കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടിയുടെ ലുംബിനി മേഖല ചുമതലയുള്ള നേതാവുമായിരുന്നു.
1990ലെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ പഞ്ചായത്ത് ഏകാധിപത്യഭരണത്തിന് അറുതിയായതോടെ ഒലി നേപ്പാളിൽ എല്ലാവരുമറിയുന്ന നേതാവായി. പിന്നീട് പാർട്ടിയിൽ പടിപടിയായി ഉയർന്നു. 94-95 കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. 2006ൽ ഗിരിജ പ്രസാദ് കൊയ് രാളയുടെ ഇടക്കാല സർക്കാറിൽ ഉപ പ്രധാനമന്ത്രിയുമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.