അമേരിക്കയുടെ ഭീമൻ തീരുവക്ക് വഴങ്ങിയാൽ ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കും?
text_fieldsയു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ആക്രമണം ഏറ്റവും കടുത്ത തോതിൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്. മൂന്ന് ആഴ്ചക്കുള്ളിൽ യു.എസുമായി പുതിയ കരാറിൽ എത്താത്തപക്ഷം ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയത് പ്രാബല്യത്തിൽ വരും. ‘ഇന്ത്യയെയും റഷ്യയെയും മരിച്ച സമ്പദ് വ്യവസ്ഥകൾ’ ആക്കുമെന്നാണ് ട്രംപിന്റെ വെല്ലുവിളി.
ട്രംപിന്റെ സംഘവുമായി വ്യാപാര കരാറിൽ ഒപ്പുവെക്കുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്നായിരുന്നു നരേന്ദ്ര മോദി സർക്കാറിന്റെ പ്രതീക്ഷ. എന്നാൽ, ഇന്ത്യയുടെ വിശാലമായ കാർഷിക-ക്ഷീര വിപണികൾ യു.എസിനു മുന്നിൽ തുറന്നിടുന്നതിന്റെ പ്രത്യാഘാതങ്ങളെയും റഷ്യയുടെ എണ്ണ വാങ്ങൽ നിർത്തുന്നതിനെയും ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അഞ്ചുവട്ട ചർച്ചകൾക്കുശേഷവും ഒരു സമന്വയത്തിലെത്താനായില്ല.
യു.എസ് ഇറക്കുമതിക്ക് 50 ശതമാനം താരിഫിന് വഴങ്ങുന്നതിനെതിരെ വിമർശനമുയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് അത്രയെളുപ്പത്തിൽ പുതിയ കരാറിലെത്താനാവില്ല. അമേരിക്കൻ പാലുൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഔഷധ നിർമാണത്തിലെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട അവരുടെ ഡിമാന്റുമടക്കം ഗുരുതരമായ ഭവിഷ്യത്തുകൾ അത് മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാരണങ്ങൾകൊണ്ടെല്ലാം യു.എസുമായുള്ള വ്യാപാരം ഫലത്തിൽ സ്തംഭിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമാണ് ഇന്ത്യ. ഉപരോധങ്ങളോ മറ്റ് കാരണങ്ങളോ കാരണം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അപ്രായോഗികമായാൽ ബദൽ സ്രോതസ്സുകളിൽ നിന്നും ആവശ്യങ്ങൾ നിറവേറ്റുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് മുമ്പ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. 2022ൽ ആരംഭിച്ച യുക്രെയ്ൻ യുദ്ധത്തിനുമുമ്പ് റഷ്യൻ എണ്ണ വളരെ കുറച്ച് മാത്രമേ ഇന്ത്യ വാങ്ങിയിരുന്നുള്ളൂ. എന്നാലിപ്പോളത് മൊത്തം ഇറക്കുമതിയുടെ മൂന്നിലൊന്നാണ്. ഇതാണ് റഷ്യയുടെ ചോരക്കൊതിക്ക് ‘ഇന്ത്യ ഇന്ധനം പകരുന്നുവെന്ന്’ ട്രംപിന്റെ വാദത്തിനു പിന്നിൽ.
ഡിസ്കൗണ്ടുകൾ കുറയുകയും ട്രംപിന്റെ സമ്മർദം വർധിക്കുകയും ചെയ്തതോടെ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ തുടങ്ങിയ ഇന്ത്യൻ റിഫൈനറുകൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതായി കഴിഞ്ഞ മാസം മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.
വിപണിയിൽ റഷ്യൻ എണ്ണ ഇല്ലെങ്കിൽ വിലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയെ കൂടാതെ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവയാണ് ഇന്ത്യയിലേക്കുള്ള മറ്റ് വലിയ എണ്ണ വിതരണക്കാർ.
യു.എസിലേക്കുള്ള ഇന്ത്യയുടെ ചരക്കു കയറ്റുമതി
സർക്കാർ ഡാറ്റ പ്രകാരം വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ, പെട്രോകെമിക്കൽസ് എന്നിവയുൾപ്പെടെ 2024ൽ ഏകദേശം 81 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തുവെന്നാണ്. പോയ സാമ്പത്തിക വർഷം ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതി ജി.ഡി.പിയുടെ 2 ശതമാനമായിരുന്നു.
തുണിത്തരങ്ങൾ
ഇന്ത്യയുടെ മൊത്തം തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ് പോവുന്നത്. ഇത് ഇന്ത്യയുടെ ഏറ്റവും പ്രധാന വിപണികളിൽ ഒന്നാക്കി യു.എസിനെ മാറ്റുന്നു. 2025 ൽ ഇന്ത്യ യു.എസിലേക്ക് 10.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുകയുണ്ടായി. വെൽസ്പൺ ലിവിങ് ട്രൈഡന്റ്, അരവിന്ദ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് കോട്ടൺ ടവലുകൾ, ബെഡ്ഷീറ്റുകൾ, വസ്ത്രങ്ങൾ എന്നിവക്കുള്ള അമേരിക്കൻ ഡിമാൻഡിനെ ആശ്രയിക്കുന്ന മുൻനിര കയറ്റുമതിക്കാർ.
എന്നാൽ, പുതിയ ഉയർന്ന താരിഫ് വിപണിയിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ഇല്ലാതാക്കുമെന്നതാണ് ആഘാതങ്ങളിൽ ഒന്ന്. പ്രത്യേകിച്ച് കയറ്റുമതിയുടെ വലിയൊരു പങ്ക് വഹിക്കുന്ന കോട്ടൺ വസ്ത്രങ്ങൾക്ക്. ‘ക്രിസിൽ റേറ്റിംഗുകൾ’ അനുസരിച്ച് ഉത്തരവുകൾ മാറ്റുകയോ പുതിയ വിലകൾക്ക് കീഴിൽ വീണ്ടും ചർച്ച നടത്തുകയോ ചെയ്യുന്നപക്ഷം ഇന്ത്യൻ തുണിത്തര കയറ്റുമതിക്കാരുടെ മാർജിൻ 150 മുതൽ 200 ബേസിസ് പോയിന്റ് വരെ കുറഞ്ഞേക്കുമെന്ന് കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നു.
ഫാർമസ്യൂട്ടിക്കൽസ്
താങ്ങാനാവുന്ന വിലയിൽ ജനറിക് മരുന്നുകളുടെ ഒരു പ്രധാന ആഗോള വിതരണക്കാരനാണ് ഇന്ത്യ. അമേരിക്കയാണ് ഏറ്റവും വലിയ ഔഷധ കയറ്റുമതി വിപണി. മൊത്തം ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 40 ശതമാനവും ഇതിൽ വരും. ക്രോണിക് തെറാപ്പി മരുന്നുകളുടെയും ചെലവ് കുറഞ്ഞ ഫോർമുലേഷനുകളുടെയും യു.എസിലെ ആവശ്യകത മൂലം പോയവർഷം വൻതോതിൽ മരുന്നു കയറ്റുമതി ചെയ്തിരുന്നു.
വ്യാപാര ചർച്ചകളിൽ ഫാർമസ്യൂട്ടിക്കൽസ് പലപ്പോഴും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് അഭിമുഖീകരിക്കുന്നത്. കർശനമായ ഗുണനിലവാര പരിശോധനകളും നിയന്ത്രണ ഓഡിറ്റുകളും പോലുള്ള താരിഫ് ഇതര തടസ്സങ്ങളും ഇത്‍യും ഉയർത്തിയേക്കാം. കൂടാതെ, യു.എസ് മരുന്നു കമ്പനികൾ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നിർമാതാക്കളെ, പ്രത്യേകിച്ച് ഉയർന്ന അളവിലുള്ള ജനറിക് മരുന്നുകൾക്കുമേൽ സമ്മർദം ചെലുത്താനും ഇടയുണ്ട്. അവശ്യ മരുന്നുകൾക്ക് ചില ഇളവുകൾ ലഭിച്ചേക്കാമെങ്കിലും ഇന്ത്യൻ കമ്പനികൾക്ക് പുതിയ വിതരണ ഇടപാടുകൾ ഉറപ്പാക്കുന്നത് ബുദ്ധിമുട്ടായേക്കാം.
ഓട്ടോ കമ്പോണന്റ്സ്
2024ൽ ഇന്ത്യ യു.എസിലേക്ക് 2.2 ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോ കമ്പോണന്റ്സ് കയറ്റുമതി ചെയ്യുകയുണ്ടായി. ഈ വിഭാഗത്തിലെ മൊത്തം കയറ്റുമതിയുടെ ഏകദേശം 29 ശതമാനമാണിത്. ട്രാൻസ്മിഷൻ സിസ്റ്റങ്ങൾ, എൻജിൻ ഭാഗങ്ങൾ, കാസ്റ്റിങുകൾ, ഇലക്ട്രോണിക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കർശനമായ ചെലവുകളാലും മത്സരാധിഷ്ഠിത വിലനിർണയത്തിലുമൊക്കെയാണ് ഓട്ടോ കമ്പോണന്റ് വ്യവസായം പ്രവർത്തിക്കുന്നത്. എന്നാലിത് ഇന്ത്യൻ വിതരണക്കാരെ ആകർഷിക്കാൻ പര്യാപ്തമല്ല. ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് തീരുവയിൽ 10 മുതൽ 15 ശതമാനം വരെ ഇളവ് വന്നാലും ഇവയുടെ ഉൽപാദനം കുറക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകും. സാങ്കേതികമായി സങ്കീർണതകൾമൂലം ഫാക്ടറികളെ ആവശ്യാനുസരണം മാറ്റിസ്ഥാപിക്കലും പ്രയാസകരമാകും.
സ്റ്റീലും അലൂമിനിയവും
നിർമാണ-ഗ്രേഡ് സ്റ്റീൽ, എൻജിനീയറിങ് ഘടകങ്ങൾ, ഫിനിഷ്ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ആവശ്യകത വർധിച്ചതുമൂലമാണ് 2025 ൽ യു.എസിലേക്കുള്ള ഇന്ത്യൻ സ്റ്റീൽ കയറ്റുമതി 6.2 ബില്യൺ ഡോളറിലെത്തിയത്. റോൾഡ് ഷീറ്റുകളും എക്സ്ട്രൂഷനുകളും ഉൾപ്പെടെ 860 മില്യൺ ഡോളർ മൂല്യമുള്ള അലുമിനിയം ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുകയുണ്ടായി.
ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന്റെ ഒരു നിർണായക വിപണിയാണ് യു.എസ്. 25 ശതമാനം താരിഫ് ഇതിന്റെ വളർച്ചയെ വൻ തോതിൽ കുറക്കും. പ്രത്യേകിച്ച് എൻജിനീയറിങ് ഘടകങ്ങൾ വിതരണം ചെയ്യുന്ന എം.എസ്.എം.ഇകൾക്ക്. യു.എസ് വ്യാപാര നിയമത്തിലെ സെക്ഷൻ 232 പ്രകാരം ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആൻഡി-ഡമ്പിങ് കേസുകളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നേരിടേണ്ടി വന്നേക്കാം. ഇളവുകൾ നേടാതെ യു.എസിലെ മാർജിനുകളും വിപണി വിഹിതവും വേഗത്തിൽ കുറയാം.
ആഭരണങ്ങൾ
വിലമതിക്കുന്ന മിനുക്കിയ വജ്രങ്ങൾക്കും സ്റ്റഡ് ചെയ്ത ഇന്ത്യൻ ആഭരണങ്ങൾക്കുമായുള്ള ഏറ്റവും വലിയ വിപണിയാണ് യു.എസ്. 2024–25ലെ കണക്കനുസരിച്ച് 10 ബില്യൺ ഡോളർ ആണ് ആഭരണ കയറ്റുമതിയിലൂടെ നേടിയത്. ട്രംപിന്റെ തീരുമാനം ഇന്ത്യൻ രത്ന-ആഭരണ വ്യാപാരികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
യു.എ.ഇ, മെക്സിക്കോ തുടങ്ങിയ കുറഞ്ഞ താരിഫ് ഉള്ള രാജ്യങ്ങളിൽ നിർമാണ യൂനിറ്റുകൾ സ്ഥാപിച്ച് യു.എസിലേക്ക് കയറ്റുമതി തുടരാൻ ആലോചിക്കുകയാണിപ്പോഴവർ. ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറികളിൽ ഒന്നായ ടൈറ്റൻ കമ്പനി കുറഞ്ഞ താരിഫുകൾക്ക് കീഴിൽ യു.എസ് വിപണിയിലേക്കുള്ള പ്രവേശനം നിലനിർത്തുന്നതിനായി അതിന്റെ ചില ഉൽപാദന യൂനിറ്റുകൾ അറേബ്യൻ ഉപദ്വീപിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ആഭരണ നിർമാണ കമ്പനികൾ ഈ വഴി തെരഞ്ഞെടുത്താൽ ആഭ്യന്തരമായ വൻ തൊഴിൽ നഷ്ടത്തിന് അത് വഴിവെക്കും.
സോളാർ ഉപകരണങ്ങളും പി.വി മൊഡ്യൂളുകളും
ചൈനീസ് സോളാർ ഉൽപന്നങ്ങൾക്കുമേലുള്ള നിയന്ത്രണം യു.എസിലേക്കുള്ള ഫോട്ടോവോൾട്ടെയ്ക് (പി.വി) മൊഡ്യൂളുകളുടെ പ്രധാന വിതരണക്കാരായി ഇന്ത്യയെ മാറ്റിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പി.വി മൊഡ്യൂൾ കയറ്റുമതിയുടെ 99 ശതമാനവും യു.എസിലേക്കായിരുന്നു.
താരിഫുകളിൽ നിന്നോ നിയന്ത്രണങ്ങളിൽ നിന്നോ സോളാർ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ഏതൊരു പിഴയും അടുത്തിടെ ഉൽപാദന ശേഷി വർധിപ്പിച്ച വാരി, അദാനി സോളാർ, ടാറ്റ പവർ സോളാർ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കും. യു.എസ് വിപണിയെ ഇത്രയധികം ആശ്രയിക്കുന്നതിനാൽ ഇന്ത്യൻ സോളാർ കയറ്റുമതിക്കാർ യൂറോപ്പിലേക്കോ തെക്കുകിഴക്കൻ ഏഷ്യയിലേക്കോ അതിവേഗം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ അവർക്ക് പെട്ടെന്നുള്ള വരുമാന നഷ്ടം നേരിടേണ്ടിവരും.
തൊഴിൽ പ്രതിസന്ധികൾ
വ്യാപാരം മാത്രമല്ല വെല്ലുവിളി നേരിടുന്നത്. സാങ്കേതിക രംഗത്തെ പ്രൊഫഷനലുകൾക്കുള്ള തൊഴിൽ വിസ, സേവനങ്ങൾ, ഓഫ്‌ഷോറിങ് തുടങ്ങിയ മേഖലകളിലേക്കും പിരിമുറുക്കങ്ങൾ വ്യാപിക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. യു.എസ് വിസ പ്രോഗ്രാമുകളുടെയും സോഫ്റ്റ്‌വെയർ, ബിസിനസ് സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന്റെയും പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. ഇതര രാജ്യങ്ങളുമായുള്ള വിപണി മൽസരത്തിൽ പിടിച്ചു നിൽക്കാനാവാതെ ഫാക്ടറികളുടെ അടച്ചുപൂട്ടലിനും തൊഴിൽ വെട്ടിക്കുറക്കലിനും കമ്പനികൾ നിർബന്ധിതരാവുന്ന പക്ഷം സങ്കൽപിക്കാനാവാത്ത ആഭ്യന്തര തൊഴിൽ നഷ്ടവും സംഭവിക്കും.
അതേസമയം, അടച്ചിട്ട വാതിലിലൂടെയുള്ള ചർച്ചകൾ വഴി ഭിന്നതകൾ പരിഹരിക്കാനാവുമെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. ഈ മാസാവസാനം ഒരു യു.എസ് വ്യാപാര സംഘം ഇന്ത്യൻ തലസ്ഥാനം സന്ദർശിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, രാജ്യത്തെ കർഷകരുടെയും ക്ഷീരമേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമത്തിൽ വിട്ടുവീഴ്ച ചെയ്യാതെ അതിനുള്ള‘കനത്ത വില നൽകാൻ’ തയ്യാറാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഫുകളെക്കുറിച്ച് പരാമർശിക്കാതെ പറഞ്ഞത്. അതേസമയം ബദാം, ചീസ് പോലുള്ള ചില യു.എസ് ഉൽപന്നങ്ങൾക്ക് താരിഫ് കുറക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചതായും വിവരമുണ്ട്.
സഹ വികസ്വര രാജ്യങ്ങൾ തമ്മിലെ ഐക്യം
ഇന്ത്യക്കൊപ്പം ട്രംപിന്റെ താരിഫുകളുടെ മറ്റൊരു പ്രധാ ഉന്നമാണ് ബ്രസീൽ. റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ‘ബ്രിക്‌സ്’ ബ്ലോക്കിന്റെ സ്ഥാപകാംഗങ്ങളാണ് ഇരു രാജ്യങ്ങളും. ‘ബ്രിക്‌സ്’ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, മോദിയെയും ചൈനയുടെ ഷി ജിൻപിങ്ങിനെയും മറ്റ് നേതാക്കളെയും വിളിച്ച് താരിഫുകളോടുള്ള ബ്ലോക്കിന്റെ പ്രതികരണം ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.
ട്രംപിന്റെ താരിഫുകളുടെയും സഹായ വെട്ടിക്കുറവുകളുടെയും ആഘാതം നേരിട്ട ആഫ്രിക്കൻ യൂനിയൻ, ബ്രിക്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് േബ്ലാക്കുകളുമായി കൂടുതൽ ഇടപഴകുക എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു നയതന്ത്രവഴി.
റഷ്യയുമായും ചൈനയുമായും ഇന്ത്യ ഇതിനകം ചില ശ്രമങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഈ വർഷത്തെ ഡൽഹി സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി പറയുന്നു.
2020ൽ അതിർത്തിയിൽ ഉണ്ടായ മാരകമായ ഏറ്റുമുട്ടലിനെത്തുടർന്ന് വർഷങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കു ശേഷം മോദി ആദ്യമായി ചൈന സന്ദർശിക്കാൻ ഒരുങ്ങുകയാണ്. പ്രാദേശിക സുരക്ഷാ ഉച്ചകോടിയിൽ മോദിയും പുടിനും ചൈനയുടെ ഷി ജിൻപിങ്ങും ഒത്തുചേരുമെന്നാണ് റിപ്പോർട്ട്.
കാര്യങ്ങൾ ഈ വഴിക്കെല്ലാം പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന കുരുക്ക് അഴിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.